‘ലാഭമെടുത്ത് യുഎസ്; ക്രൂഡ് വിലയിടിവ് ഇന്ത്യയ്ക്കു നേട്ടം, സ്വർണത്തിന് മുന്നേറ്റം’
കൊച്ചി ∙ കഴിഞ്ഞ തിങ്കളാഴ്ച നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി രാജ്യാന്തര വിപണി സമ്മർദത്തിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡ് തിരുത്തി മുന്നേറി. എന്നിട്ടും നിഫ്റ്റി 16,000 പോയിന്റ് പിന്നിടുന്നതിൽ പരാജയപ്പെട്ടതാണ് കണ്ടത്. വെള്ളിയാഴ്ചത്തെ ലാഭമെടുക്കലും, അമേരിക്കൻ വിപണിയിലെ കൺസ്യൂമർ ഡേറ്റ ഭയങ്ങളുമാണു നിഫ്റ്റിക്ക് 15,962 പോയിന്റിന് അപ്പുറമുള്ള മുന്നേറ്റം തടഞ്ഞത്. മോശമല്ലാത്ത കൺസ്യൂമർ ഡേറ്റയും ഫലവിവരങ്ങളും പുറത്തുവന്നിട്ടും അമേരിക്കൻ വിപണിയിൽ ലാഭമെടുക്കുന്നതാണ് കണ്ടത്.
വീണ്ടും ശക്തമാകുന്ന ഇൻഫ്‌ളേഷൻ ഭീതിയും കോവിഡ് വ്യാപനവുമെല്ലാം ഇതിനു കാരണമാകാം. എച്ച്ഡിഎഫ്സി ബാങ്കിന്റെ മുൻ പാദത്തിനൊപ്പമെത്താത്ത ഒന്നാംപാദ കണക്കുകളും തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ പിന്നോട്ടടിച്ചേക്കാം. എന്നിരുന്നാലും വരാനിരിക്കുന്ന മികച്ച ഫലങ്ങളും രാജ്യാന്തര വിപണിയുടെ റിക്കവറി പ്രതീക്ഷകളും വിപണിക്കു പ്രതീക്ഷയാണ്. ഓഹരി വിപണിയിലെ പ്രതീക്ഷകളും ആശങ്കകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.
കൺസ്യൂമർ ഡേറ്റ, ഡെൽറ്റ
അമേരിക്കൻ കൺസ്യൂമർ ഡേറ്റ നൽകിയ ആത്മവിശ്വാസം ഈ ആഴ്ചയിൽ വിപണിക്ക് അനുകൂലമായേക്കാം. ഫെഡ് ചെയർമാൻ പ്രശ്നപരിഹാരങ്ങൾക്ക് പകരം പണപ്പെരുപ്പം കമ്പോള നിയന്ത്രിതമാണെന്നും ഭയക്കേണ്ടതില്ലെന്നും ഫിനാൻഷ്യൽ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞൊഴിഞ്ഞത് വിപണിക്ക് ഉൾക്കൊള്ളാനാകാതെ പോയതാണ് വെള്ളിയാഴ്ചത്തെ തിരുത്തലിനാധാരം. അടുത്ത ആഴ്ച ആരംഭിക്കുന്ന അമേരിക്കൻ ടെക് ഓഹരികളുടെ ഫലപ്രഖ്യാപനങ്ങളും ഹൗസിങ്, ജോബ്, ഹോം സെയിൽസ്, പിഎംഐ ഡേറ്റകളും അമേരിക്കൻ വിപണിക്ക് അനുകൂലമാകുമെന്ന് കരുതുന്നു.
ഓഹരികളും സെക്ടറുകളും
∙ എച്ച്ഡിഎഫ്സി ബാങ്ക് മുൻ വർഷത്തിൽനിന്നു 16% വർധനവോടെ 7730 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. 8758 കോടി രൂപയും 8186 കോടിയുമായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിന്റെ മുൻ പാദങ്ങളിലെ അറ്റാദായ കണക്കുകൾ. ബാങ്കിന്റെ പലിശ വരുമാനം മുൻപാദത്തിലെ 17120 കോടിയിൽ നിന്ന് 17009 കോടിയിലേക്കു വീണു. കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ഡൗണുകൾക്കിടയിൽ നിയന്ത്രിത പ്രവർത്തന സമയങ്ങൾക്കുള്ളിലും ബാങ്ക് പ്രോഗ്രസീവ് റിസൾട്ടാണ് പുറത്തുവിട്ടത്. ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കുക.
∙ കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കപ്പെട്ട മികച്ച ടെക് ഓഹരികളുടെ ഫലങ്ങൾ ഇന്ത്യൻ വിപണിക്കു നൽകിയ മുന്നേറ്റം ഈ ആഴ്ചയും തുടർന്നേക്കാം. റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്ന. എച്ച്സിഎൽ ടെക്കും സെൻസാർ ടെക്ക്, നസാര ടെക്, ക്യാമ്സ്, റൂട്ട് മൊബൈൽ, ഓൺ മൊബൈൽ, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് മുതലായ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. മൈൻഡ് ട്രീ ഇൻഫോസിസ്, എൽ ആൻഡ് ടി ടെക്ക്, എൽ ആൻഡ് ടി ഇൻഫോ, സൈന്റ്റ് മുതലായ ടെക് ഓഹരികൾ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു.
∙ 2008ലെ വീഴ്ചയ്ക്കു ശേഷം ഇതുവരെ തിരിച്ചുവരവു സാധ്യമാകാതെ, ഒരു സൂപ്പർ കൺസോളിഡേഷൻ പൂർത്തിയാക്കിയ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല ഒരു റാലിക്കു തുടക്കം കുറിച്ചു കഴിഞ്ഞത് ദീർഘകാല നിക്ഷേപ അവസരമാണ്. വലിയ ലാൻഡ് ബാങ്കുകൾ സ്വന്തമായുള്ള ഡിഎൽഎഫ്, ശോഭ ഡെവലപ്പേഴ്‌സ്, ഒബ്‌റോയ് റിയൽറ്റി മുതലായ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് ഇനിയും പരിഗണിക്കാം.
∙ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടേതടക്കമുള്ള ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ഓർഡറായി തുടങ്ങിയത് ഇന്ത്യൻ ഇൻഫ്രാ മേഖലയ്ക്ക് വലിയ മുന്നേറ്റ സാധ്യത നൽകുന്നു. ഇന്ത്യൻ ഇൻഫ്രാ മേഖല അടുത്ത മൂന്നു വർഷത്തേക്കു നിക്ഷേപയോഗ്യമാണ്. ലാർസൺ ആൻഡ് ടൂബ്രോ തന്നെയാണ് വിപണി നായകൻ. എച്ച്ജി ഇൻഫ്രാ, ഐആർബി ഇൻഫ്രാ, കെഎൻആർ കൺസ്ട്രക്‌ഷൻ, അശോക ബിൽഡ്‌കോൺ, ദിലീപ് ബിൽഡ്‌കോൺ മുതലായ ഓഹരികളും നിക്ഷേപ യോഗ്യമാണ്.
∙ സിമന്റ് ഓഹരികൾ ഒന്നാം പദത്തിൽ മികച്ച ഫലങ്ങൾ സ്വന്തമാക്കുമെന്നു കരുതുന്നു. തിങ്കളാഴ്ച എസിസിയും വ്യാഴാഴ്ച അൾട്രാടെക്കും ഹൈഡൽബെർഗ് സിമന്റും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.
∙ പിഎസ്പി പ്രോജക്ട്സ് ഫലം പ്രഖ്യാപിക്കുന്നതു പരിഗണിക്കുക.
∙ ഉയർന്ന രാജ്യാന്തര വിലകൾ നൽകുന്ന മുൻതൂക്കത്തിനൊപ്പം ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങളും മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. സ്റ്റീൽ ഓഹരികൾ മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു. ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്, ടാറ്റ മെറ്റാലിക്സ് എന്നിവയുടെ മികച്ച റിസൾട്ടുകൾ ശ്രദ്ധിക്കുക.
∙ സ്വർണപണയ വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങുന്നതും രാജ്യാന്തര സ്വർണവില 1800 ഡോളറിൽ ക്രമപ്പെടുന്നതും ഗോൾഡ് ലോൺ കമ്പനികൾക്ക് അനുകൂലമാണ്. ഫെഡറൽ ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് എന്നിവ പരിഗണിക്കാം.
∙ ഹൈ എനർജി ബാറ്ററീസ് എന്ന ഡിഫൻസ് ബാറ്ററി ഓഹരിയും, എച്ച്ബിഎൽ പവർ സിസ്റ്റം എന്ന കൊമേഴ്സൽ ബാറ്ററി കമ്പനിയും മുന്നേറ്റം നേടിക്കഴിഞ്ഞെങ്കിലും ഓഹരികൾ ഇനിയും നിക്ഷേപത്തിന് പരിഗണിക്കാം.
∙ അമേരിക്കൻ സ്വകാര്യ സംരംഭകരുടെ സ്പേസ് ടൂറിസം വിജയങ്ങളും മറ്റും എംടാർ ടെക്നോളജീസിന് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുകൂലം.
∙ ജിഒസിഎൽ അടുത്ത പാദത്തിൽ മികച്ച റിസൾട്ട് പ്രതീക്ഷിക്കുന്നു. ഓഹരി ദീർഘകാല നിക്ഷേപത്തിന് അനുകൂലം.
∙ പൊന്നി ഷുഗറിന്റെ ഒന്നാംപാദ ഫല പ്രഖ്യാപനം ഷുഗർ സെക്ടറുകൾക്കു വളരെ പ്രധാനമാണ്. പഞ്ചസാരയുടെ മികച്ച രാജ്യാന്തര വിപണിവില ഇന്ത്യൻ ഷുഗർ ഓഹരികളുടെ വരുമാന വർധന എത്രത്തോളം ഉണ്ട് എന്നത് നാളെ അറിയാം.