ആവശ്യസാധന പട്ടികയിൽ കുരുമുളക്; നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ, കർഷകർക്ക് തിരിച്ചടി
കേന്ദ്രസർക്കാരിന്റെ ആവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും കടന്നുകൂടിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ആവശ്യ സാധനങ്ങൾക്ക് വില വർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾ കൂടി വിലനിരീക്ഷണ പട്ടികയിൽ കൊണ്ടുവന്നത്. ഇതിലാണ് കുരുമുളക് ഉൾപ്പെട്ടിരിക്കുന്നത്. കുരുമുളകിനെ ആവശ്യസാധന പട്ടികയിൽ കൊണ്ടുവന്നത് ഇതാദ്യമാണ്. അവശ്യസാധനങ്ങളുടെ പട്ടികയിൽ പെടുന്നതിനാൽ കുരുമുളകിന്റെ വില ഉയരാതിരിക്കാൻ ഇടപെടലുകളുണ്ടാകും. ഇതാണ് കർഷകരിൽ ആശങ്കയുണ്ടാക്കുന്നത്.
കുരുമുളക് കൂടുതൽ ശേഖരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ കുരുമുളകിന്റെ വില ലോകവിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. അതുകൊണ്ട് വില കുറയ്ക്കാനുള്ള കാര്യത്തിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്ന് കർഷകർ ഭയക്കുന്നു. രാജ്യത്തെ ഭക്ഷണശീലങ്ങൾ മാറിയതോടെ കുരുമുളക് വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന വസ്തുവായി മാറിയിരിക്കുകയാണ്. ഇതിനനുസരിച്ച് രാജ്യത്ത് ഉത്പാദനം കൂടിയിട്ടില്ല. കുരുമുളക് സംസ്കരിച്ചും പായ്ക്കറ്റുകളിലാക്കിയുമൊക്കെ വിപണിയിലെത്തിക്കുന്നവർ വലിയ ലാഭമെടുക്കുന്നതിനാൽ പായ്ക്കറ്റ് ഉൽപ്പനങ്ങൾക്ക് വില വളരെ കൂടുതലാണ്. ഇത്രയധികം ലാഭം യഥാർത്ഥത്തിൽ കർഷകർക്ക് ലഭിക്കുന്നുമില്ല.
പൊതു വിപണിയിൽ പായ്ക്കറ്റുകളിലെത്തുന്ന കുരുമുളക് ഉൽപ്പന്നങ്ങളുടെ വിലയാണ് നിയന്ത്രിക്കേണ്ടതെന്ന് കച്ചവട സമൂഹം ചൂണ്ടിക്കാട്ടുന്നു. അതിനു നടപടിയുണ്ടാകുന്നില്ല. നിരീക്ഷണത്തിന്റെ പേരിൽ മൊത്തത്തിൽ കുരുമുളക് വില നിയന്ത്രിക്കാൻ ശ്രമിച്ചാൽ അത് കർഷകരെ മാത്രം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടുമാസമായി ശ്രീലങ്കയിൽ നിന്ന് ഏതാണ്ട് 400 ടൺ കുരുമുളക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് കച്ചവടക്കാർ സൂക്ഷിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ഈ ചരക്ക് വേഗത്തിൽ വിറ്റഴിക്കാൻ ഇടപാടുകാർ ശ്രമിക്കും. ഇതോടെ വീണ്ടും വിലയിടിയും. തുടർച്ചയായി വില കുറയുന്ന സാഹചര്യമുണ്ടായാൽ കച്ചവടക്കാരും വിട്ടുനിൽക്കും. മാത്രമല്ല മസാല കമ്പനികൾക്ക് കുരുമുളക് വാങ്ങി സൂക്ഷിക്കാൻ തടസ്സമുണ്ടാകുമെന്നതിനാൽ അവരും കൂടുതൽ ചരക്ക് വാങ്ങില്ല. ഇതൊക്കെ വലിയ തകർച്ചയ്ക്ക് കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു.