സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പരാമർശങ്ങൾക്ക് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം


സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
യൂട്യൂബ്, ഫെയ്‌സ്‌ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടാണ് നീക്കം. കണ്ടന്റ് നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് ’ എന്നാണ് കരട് ബില്ലില്‍ നിർവചിക്കുന്നത്.
നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും. പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ് നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര മാധ്യമങ്ങൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ് നീക്കമെന്നാണ് റിപോർട്ട്.