സംസ്ഥാനത്ത് എയിംസുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടെ ഇടുക്കിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ സാമൂഹിക സംഘടനകൾ രംഗത്ത്.
സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ എത്ര സ്ഥലം വേണമെങ്കിലും ഇടുക്കിയിൽ എയിംസിന് വിട്ടുനൽകാനാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി എയിംസ് ഇൻ ഇടുക്കി മിഷൻ എന്ന സംഘടനക്കും രൂപം നൽകി.
കേരളത്തിൽ എയിംസിന് ആവശ്യമുള്ള സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം തുടരുകയാണ്. ആവശ്യത്തിന് ഭൂമി വില കൊടുത്ത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ ആവശ്യത്തിന് ഭൂമി ഇടുക്കിയിൽ ലഭ്യമാകും. ഇടുക്കി ജില്ലാ ആസ്ഥാനത്തും ചിന്നക്കനാൽ, വാഗമൺ എന്നിവിടങ്ങളിലും ആവശ്യത്തിന് ഭൂമി സർക്കാർ ഉടമസ്ഥതയിൽ തന്നെയുണ്ട്. ഇത് കൈമാറിയാൽ എയിംസ് സ്ഥാപിക്കാനാകും.
ഇടുക്കിയിൽ എയിംസ് വന്നാൽ കേരളത്തിന് പുറമെ തമിഴ്നാട്ടിലെ ആറ് ജില്ലകൾക്കും ഇതിൻ്റെ ഗുണം ലഭിക്കും.
എയിംസ് ഇൻ ഇടുക്കി മിഷൻ എന്ന
സംഘടനയുടെ രൂപീകരണ യോഗം കട്ടപ്പന വാഴവര ആശ്രമം ഓഡിറ്റോറിയത്തിൽ നടന്നു.യോഗത്തിൽ വി ബി രാജൻ അധ്യക്ഷനായിരുന്നു.സംഘടനാ നേതാക്കളായ റസാക്ക് ചൂരവേലിൽ , അഡ്വക്കേറ്റ് തുളസീധരൻ പിള്ള,രതീഷ് വരകുമല,ഷാജിമോൻ കാഞ്ചിയാർ , കെ പി ഫിലിപ്പ് ,മാത്തുക്കുട്ടി പൗവ്വത്ത് , സജി ദാസ് മോഹൻ,സേവ്യർ തോമസ്,ഷാജി പുരയിടത്തിൽ,ജോ ജോർജ് ,ജോസ് തോമസ് ഒഴുകയിൽ തുടങ്ങിയവർ പങ്കെടുത്തു.