ഓൺലൈൻ തട്ടിപ്പ്: ജില്ലയിൽ കവർന്നത് അഞ്ചരക്കോടിപൊതുജനം ജാഗ്രതപുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവി
*സാമ്പത്തികത്തട്ടിപ്പ് സംഭവിച്ചാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ ) വിവരം 1930 ൽ അറിയിക്കുക
ഈ വർഷം ജൂലൈ 9 വരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 5,54,64,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഇടുക്കി ജില്ലയിൽ മാത്രം നടന്നിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പുകളുടെ എണ്ണവും തുകയും കൂടിവരികയാണ്. 2024 ഏഴാം മാസം ആകുമ്പോൾ 55 ഓൺലൈൻ തട്ടിപ്പുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ വർഷം ആകെ 52 കേസുകളായിരുന്നു. വാട്സ് ആപ്പിലും ഈമെയിലിലും മറ്റും ലഭിക്കുന്ന പ്രോലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകളാണ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഓ ടി പി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഇതിനെതിരെ പൊതുജനം ജാഗ്രതപുലർത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഓൺലൈൻ തട്ടിപ്പ് ട്രേഡിങ്ങുകളിൽ തുടക്കത്തിൽ ലാഭം ലഭിക്കും . തുടർന്ന് വലിയ തുക മുടക്കുന്നതോടെ ആപ്പും സൈറ്റുമൊക്കെ പ്രവൃത്തിക്കാതെയാകും. അതുവരെ വിളിച്ചുകൊണ്ടിരുന്ന ഫോൺ നമ്പറുകൾ നിശ്ചലമാകും. ഇതാണ് കൂടുതൽ കുപ്രചാരം ലഭിച്ച തട്ടിപ്പ് രീതി. മയക്കുമരുന്ന് അടങ്ങിയ കൊറിയർ പിടിച്ചിട്ടുണ്ട് , പ്രതിചേർക്കപ്പെടാതിരിക്കണമെങ്കിൽ തുക നൽകണമെന്ന രീതിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇത്തരത്തിൽ തൊടുപുഴയിൽ ഒരു സ്ത്രീക്ക് വലിയ തുക നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. യൂണിഫോം ധരിച്ച വ്യക്തി വീഡിയോ കോളിൽ വന്നാകും ഇത്തരത്തിൽ സന്ദേശം നൽകുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ ) വിവരം 1930 ൽ അറിയിക്കുക. എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് എസ് പി പറഞ്ഞു. ജനം അറിഞ്ഞിരിക്കേണ്ട വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
(1) ലോട്ടറി / വ്യാജ സമ്മാന തട്ടിപ്പ്.
വാട്‌സാപ്പ്, ഇമെയിൽ, ഫോൺ കാൾ, എസ് എം എസ് എന്നിവയിലൂടെ ലോട്ടറിയോ മറ്റ് വിലപിടിപ്പുള്ള സമ്മാന തുകയോ ലഭിച്ചെന്ന വ്യാജ സന്ദേശം ലഭിക്കുകയും, ഇതേ തുടർന്ന് ഒരു നിശ്ചിത തുക സർവീസ് ചാർജ് എന്ന വ്യാജേന ഇരകളിൽ നിന്ന് കൈപ്പറ്റുകയും, സമ്മാന തുക ലഭിക്കാതെ ഇവർ വഞ്ചിക്കപ്പെ ടുകയും ചെയുന്നു.
(2) ഇൻവെസ്റ്റ്മെന്റ്/ ട്രേഡിങ്ങ് തട്ടിപ്പ്
ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘങ്ങൾ, നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടത്തിവരുന്നു. സ്പാം ഇമെയിൽ, ഓൺലൈൻ പരസ്യങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴിയാണ് തട്ടിപ്പുകൾ. ഇവരുടെ എല്ലാ പദ്ധതികളും വിശ്വസനീയമായതും, തീർത്തും ആദായകരവുമാണ് എന്നും മറ്റും കാണിച്ചാണ് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത്. പക്ഷേ ഇതെല്ലാം വിശ്വസിച്ച് നിക്ഷേപിക്കുന്നവരെ സ്ഥിരമായി വഞ്ചനയിൽപ്പെടു ത്തുകയും, അവരുടെ കൈയിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യുന്നു.
(3)പാഴ്‌സലുകളിൽ നിയമവിരുദ്ധമായ സാധനങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞു തട്ടിപ്പ് (Fed EX scam)
ഇത്തരം തട്ടിപ്പുകാർ പോലീസ് ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ കൊറിയർ കമ്പനികളുടെ പ്രതിനിധികൾ ആണെന്ന് ആവകാശപ്പെട്ട് നമ്മളെ ബന്ധപ്പെട്ടേക്കാം. അതിനു ശേഷം നമുക്കു വന്ന പാഴ്‌സലുകളിൽ നിന്ന് മയക്കുമരുന്ന്, നിയമവിരുദ്ധ വസ്തുക്കൾ കണ്ടെത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ,വിർച്വൽ അറസ്റ്റ് ആണെന്നും അവകാശപ്പെട്ട ശേഷം പല മാര്ഗങ്ങളിലൂടെ പണം തട്ടിയെടുക്കുന്നു.
(4) കുറഞ്ഞ വരുമാനമുള്ള വ്യക്തികളെ ചൂഷണംചെയ്യുന്ന ലോൺ ആപ്പുകൾ.
ചുരുങ്ങിയ വിവരങ്ങൾ നൽകി വേഗത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകൾ ആണ് ഇവ . ഇത്തരം ആപ്ലിക്കേഷനുകൾ പ്രധാനമായും പണം ആവശ്യമുള്ള താഴ്ന്ന വരുമാനക്കരെയാണ് ലക്ഷ്യമിടുക. ലോൺ ലഭിക്കുന്നതിന് ന വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങളും മറ്റും ആവശ്യപെടുന്നു. ഈ ആപ്പുകളിൽ പലതും അമിത പലിശ നിരക്കുകളോ, മറ്റു ഫീസുകളോ ഈടാക്കുന്നു. വായ്പയെടുത്തവർ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുമ്പോൾ നമ്മളിൽ നിന്നും കൈക്കലാക്കിയ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തലും ഭീഷണിയുമുൾപ്പെടെ പല തന്ത്രങ്ങളും തട്ടിപ്പുകാർ നടത്തുന്നു.
(5 ) ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, കെ വൈ സി
കാലഹരണപ്പെടൽ/പുതുക്കൽ തട്ടിപ്പുകൾ
ഇത്തരം തട്ടിപ്പുകാർ നമ്മുടെ ബാങ്കിങ്ങുമായി ബന്ധപ്പെട്ട KYC, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എ ന്നിവയുടെ പുതുക്കൽ/ കാലഹരണപ്പെടൽ എന്നിവ യുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥനെന്ന വ്യാജേന നമ്മളെ കോൺടാക്ട് ചെയ്യുകയും, തുടർന്ന് പല മാർഗങ്ങളിലൂടെ (റിമോട്ട് അക്സസ്സ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. സോഷ്യൽ എഞ്ചിനീയറിംഗ്, ഫിഷിംഗ്) നമ്മുടെ വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ കൈക്കലാക്കി പണം തട്ടിയെടുക്കുന്നു.
(6) സെക്സ്റ്റോർഷൻ
ലൈംഗിക പ്രവൃത്തികളുടെയോ , ചേഷ്ടകളുടെയോ തെളിവുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണമോ, ലൈംഗിക ആനുകുല്യങ്ങളോ തട്ടിയെടുക്കുന്നതാണ് സെക്സ്റ്റേർഷൻ.
വീഡിയോ/ഓഡിയോ ചാറ്റിനായി സന്ദേശങ്ങൾ പോസ്റ്റുചെയ്യുക.
വ്യാജ അക്കൗണ്ടുകൾ/പ്രൊഫൈലുകൾ വഴി ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.
പേജുകൾ/പരസ്യങ്ങൾ എന്നിവ വഴിയുള്ള പ്രചാരണങ്ങൾ.
(7) വ്യാജ കസ്റ്റമർ സപ്പോർട്ട് തട്ടിപ്പ്
വ്യാജ സപ്പോർട്ട് ടീമുകൾ രൂപീകരിച്ച് ഉപഭോക്ത സേവനത്തെ ആശ്രയിക്കുന്നവരെ കബിളിപ്പിക്കുന്ന രീതിയാണിത്. ഇത്തരം തട്ടിപ്പുകാർ ബ്ലോഗുകൾ, വ്യാജ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ, ഗൂഗിൾ സെർച്ച് റിസൾട്ട് എന്നിവയിൽ വ്യാജ കസ്റ്റമർ സപ്പോർട്ട് ഫോൺ നമ്പറുകൾ നൽകുകയും; കസ്റ്റമർ സേവനത്തിനായി ഇൻറർനെറ്റിൽ തിരയുന്നവർ, അറിയാതെ ഈ വ്യാജടീമുകളുമായി ബന്ധപ്പെടുകയും, അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
(8) പ്രണയ തട്ടിപ്പ്, സമ്മാനങ്ങൾ നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്
വിദേശ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളാണെന്ന വ്യാജേന ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും, മാട്രിമോണിയൽ ആപ്ലിക്കേഷനിലുകളിലും, സോഷ്യൽ മീഡിയ വഴിയും ഇരകളെ ലക്ഷ്യമിടുന്നു. ഇവർ ഇരകളുമായി കൂടുതൽ വിശ്വാസം നേടിയെടുത്തതിനുശേഷം അന്താരാഷ്ട്ര പാഴ്‌സലുകൾ വഴി വിലയേറിയ സമ്മാനങ്ങൾ അയക്കുമെന്ന് വാഗ്ദാനം നൽകുന്നു. അതിനു ശേഷം പാഴ്‌സൽ അയച്ചെന്നും അത് ലഭിക്കുന്നതിന് കസ്റ്റംസ് ഫീസ് ആവശ്യമാണെന്നും പറഞ്ഞു വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരയെ ബന്ധപ്പെടുന്നു. ഒരു നിർദ്ദിഷ്ട അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ഇരകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പണമടച്ചതിന് ശേഷം, ഇരകൾക്ക് വാഗ്ദാനം ചെയ്‌ത സമ്മാനങ്ങൾ ഒരിക്കലും ലഭിക്കില്ല, തട്ടിപ്പുകാരൻ അപ്രത്യക്ഷനാകുകയും ചെയ്യുന്നു.
(9) വ്യാജതൊഴിൽ വാഗ്ദാനങ്ങളിലൂടെ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ
വ്യാജ വെബ്സൈറ്റുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ പരസ്യപ്പെടുത്തുകയും ജോലി അന്വേഷിച്ചു വരുന്നവർ, ഈ വ്യാജ ഓഫറുകളിലൂടെ കടന്നുപോകുകയും സൈബർ ക്രിമിനലിനെ ബന്ധപ്പെടുകയും ചെയ്യുന്നു. ഇര ജോലി നേടുന്നതിനായി തട്ടിപ്പുകാരന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും പണം നൽകുകയും സൈബർ കുറ്റകൃത്യത്തിന് ഇരയാകുകയും ചെയ്യുന്നു.
(10) വ്യാജ ഇ-കൊമേഴ്സ് സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ്
ഇത്തരത്തിലുള്ള സൈബർ തട്ടിപ്പിൽ നിയമാനുസൃത ബിസിനസ്സിന്റേതിന് സമാനമായ വ്യാജ ഷോപ്പിംഗ് വെബ്സൈറ്റുമായി വരുന്നു. വിലകൂടിയ/ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വളരെ കുറഞ്ഞ വിലകളിൽ വ്യാജ ഓഫറുകൾ നൽകുകയും സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ സൈറ്റിനെ ജനപ്രിയമാക്കുകയും ചെയ്യുന്നു. ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇരകൾ അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നു. യുപിഐ വഴിയോ ഓൺലൈൻ ബാങ്കിംഗ് വഴിയോ പണമടയ്ക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു.
(11)റിമോട്ട് അക്സസ്സ് നേടുന്നതിലൂടെയുള്ള തട്ടിപ്പ്
ഇത്തരത്തിലുള്ള തട്ടിപ്പുകാർ ബാങ്കുകളുടെയോ, മറ്റു വിശ്വസിനീയ സ്ഥാപനങ്ങളുടെയോ സാങ്കേതിക സഹായം നൽകുന്ന ടിം ആണെന്ന വ്യാജേന ഇരകളെ ലക്ഷ്യമിടുന്നു. ഇത്തരക്കാരുമായി ബന്ധപ്പെടുബോൾ തട്ടിപ്പുകാർ ഇരകളുടെ ഫോണുകളിലേക്ക് റിമോട്ട് അക്സസ്സ് ലഭ്യമാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ തന്ത്രപരമായി ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നു. അതിനു ശേഷം ഇരയുടെ സ്വകാര്യ ലോഗിൻ ക്രെഡൻഷ്യലുകളും ബാങ്കിംഗ് വിശദാംശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിയെടുക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു