അപൂർവമായ പാതാളത്തവളയെ മാവടിയിൽ കണ്ടെത്തി
നെടുങ്കണ്ടം: അപൂർവമായ പാതാളത്തവളയെ മാവടിയിൽ കണ്ടെത്തി. ഏലത്തിന് കുഴിയെടുക്കുന്നതിനിടെ മാവടി ഇരുമ്പിളിക്കാട്ട്ജോസിന്റെ കൃഷിയിടത്തിൽ നിന്നാണ് വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തിയത്. വർഷത്തിൽ മുഴുവൻ സമയവും മണ്ണിനടിയിൽ ജീവിക്കുന്ന ഇവ പ്രജനന ദിവസത്തിൽ മാത്രമാണ് മണ്ണിനു പുറത്തേക്ക് വരുന്നത്. മഴക്കാലമാവുന്നതോടെ മണ്ണിനു പുറത്തെത്തുന്ന തവളകൾ ജലാശയങ്ങളിൽ മുട്ടയിട്ടതിനുശേഷം തിരികെ മണ്ണിനടിയിലേക്ക് മടങ്ങും. മൺവെട്ടി പോലെയുള്ള കൈ-കാലുകൾ ഉപയോഗിച്ചാണ് ഇവ മണ്ണ് തുരക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. മണ്ണിനടിയിലെ ചിതലുകളും മണ്ണിരകളുമാണ് പ്രധാന ഭക്ഷണം. വർഷത്തിലൊരിക്കൽ മാത്രം പുറത്തുവരുന്നത് കൊണ്ട് മാവേലി തവളകളെന്നും ഇവയെ വിളിക്കാറുണ്ട്. പന്നിയുടേതിന് സമാനമായ മൂക്ക് ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ പന്നിമൂക്കൻ എന്നും അറിയപ്പെടുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പശ്ചിമഘട്ട മലനിരകളിലാണ് ഇവയെ കൂടുതലായും കൊണ്ടുവരാറുള്ളത്.