പുളിക്കിയിൽ സ്കറിയ തോമസ് വിടവാങ്ങി
ആദ്യകാല കുടിയേറ്റ കർഷകനും ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം ഗ്രാമത്തിൻ്റെ വികസനത്തിന് നിർണ്ണായക നേതൃത്വം വഹിച്ച വ്യക്തി ആയിരുന്ന പുളിക്കിയിൽ സ്കറിയ തോമസ് വിടവാങ്ങി. ഒരു നാടിൻ്റെ വിദ്യാഭ്യാസമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കായി അക്ഷീണം പ്രയത്നിച്ച നാട്ടുകാരുടെ പ്രീയപ്പെട്ട സ്കറിയ ചേട്ടൻ 95 ആം വയസിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് ഇന്ന് മരണമടഞ്ഞത്.
കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിതം കെട്ടിപ്പടുക്കാൻ എത്തിയ ഇരട്ടയാർ ശാന്തിഗ്രാം മേഖലയിലെ കുടിയേറ്റ കർഷകരെ ഒരുമിച്ചു നിർത്തി ഒരു നാടിനെ തന്നെ രൂപീകരിച്ചെടുക്കാൻ പ്രയത്നിച്ച വ്യക്തിയായിരുന്നു ശാന്തിഗ്രാം പുളിക്കിയിൽ
സ്കറിയ തോമസ് എന്ന തൊമ്മൻ സ്കറിയ അഥവാ നാട്ടുകാരുടെ പ്രിയപ്പെട്ട സ്കറിയാച്ചൻ ചേട്ടൻ. ആദ്യകാല കേരള കോൺഗ്രസ് എം നേതാവുമായിരുന്നു ഇദ്ദേഹംശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിൻറെ സ്ഥാപക പ്രസിഡണ്ടായിരുന്നു. ബാങ്കിൻ്റെ രൂപീകരണത്തിനായി വളരെയധികം ത്യാഗം അനുഷ്ഠിച്ചു. ബാങ്ക് കെട്ടിടം നിർമ്മിക്കാനാവശ്യമായ
സ്ഥലം സൗജന്യമായി നൽകിയ അദ്ദേഹം 25 വർഷത്തോളം ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ബാങ്കിൻ്റെ പ്രസിഡണ്ട് ആയി പ്രവർത്തിച്ചു. ശാന്തിഗ്രാമിലെ ഇപ്പോഴത്തെ ഗാന്ധിജി സ്കൂൾ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന ഇരട്ടയാർ ഗവ.ഹൈസ്കൂളിന് സ്ഥലം സംഭാവന നല്കിയതോടൊപ്പം കെട്ടിടത്തിനും നിർമ്മാണത്തിനുമായി പ്രയത്നിച്ചു. എട്ടു വർഷക്കാലത്തോളം പിടിഎ പ്രസിഡണ്ട് ആയും പ്രവർത്തിച്ചു. കുടിയേറ്റ കാലത്ത് ഇരട്ടയാർ ശാന്തിഗ്രാം നാലുമുക്ക് റോഡിൻറെ നിർമ്മാണത്തിനു നേതൃത്വം നൽകി.
ശാന്തിഗ്രാം സെൻ്റ്മേരിസ് ഓർത്തഡോക്സ് പള്ളിക്കും സെമിത്തേരിക്കും സൗജന്യമായി സ്ഥലം നൽകിയതു കൂടാതെ പള്ളിയിലേക്കും ശാന്തിഗ്രാം ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമാണത്തിനായി സ്വന്തം സ്ഥലം വിട്ടു നൽകി. ശാന്തിഗ്രാം
അന്തോനിപ്പാറ റോഡിനും ശാന്തിഗ്രാം –
വെട്ടിക്കൽപടി- ഇരട്ടയാർ നോർത്ത് റോഡിനും സ്ഥലം സൗജന്യമായി നൽകി പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കണ്ടു. ശാന്തിഗ്രാമിൽ അങ്കണവാടിക്ക് സ്ഥലം സൗജന്യമായി നൽകിയതോടൊപ്പം കെട്ടിട
നിർമ്മാണത്തിനും നേതൃത്വം നൽകി.
2019ലെ തൊണ്ണൂറാം ജന്മദിനത്തിൽ പ്രളയബാധിതർക്കായി വീട് നിർമ്മിക്കുവാൻ 7 സെൻറ് വീതമുള്ള രണ്ട് ഹൗസ് പ്ലോട്ടുകൾ അദ്ദേഹം ഇടുക്കി രൂപതയുടെ ഭൂബാങ്കിലേക്ക് സംഭാവന ചെയ്തു .ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയ്ക്ക് വേണ്ടി ഏറ്റുവാങ്ങിയ സ്ഥലത്ത് ഭവനരഹിത കുടുംബങ്ങൾക്കായി വീട് നിർമാണം നടന്നുവരുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ നാടിൻ്റെ ഏതൊരു കാര്യങ്ങൾക്കും മുൻപന്തിയിൽ നിന്ന ,കൃഷിയെ ഏറെ സ്നേഹിച്ച് സ്കറിയ ചേട്ടൻ ഇന്നു രാവിലെയാണ് 95 ആം വയസിൽ നിത്യതയിലേക്ക് യാത്രയായത്.
നാളെ രാവിലെ 11.30ന് ശാന്തിഗ്രാം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
ഭാര്യ: പരേതയായ ത്രേസ്യാമ്മ (മുണ്ടക്കയം പവ്വത്ത് (ചേഞ്ചേരിയിൽ ) കുടുംബാംഗം
മക്കൾ: ഡൊമിനിക് ,ജോസഫ് ,സ്കറിയ ,
ഡെയ്സി, ജെസ്സി ,റോയി, റെജി, റോബി
മരുമക്കൾ :ആലിസ് പുതിയപറമ്പിൽ
എഴുകുംവയൽ, ലിസി ചവർനാൽ
ഇരട്ടയാർ , സെലിൻ ചാലാനിയിൽ കോട്ടയം,
സെബാസ്റ്റ്യൻ തെങ്ങുംതോട്ടത്തിൽ, ന്യൂയോർക്ക്, സജി അടയ്ക്കനാട്ട് തൊടുപുഴ , ജോയിസ് കൊച്ചുകുന്നുംപുറത്ത് മാനന്തവാടി,
ബെന്നി മുറിയായിക്കൽ ചങ്ങനാശ്ശേരി
സീമ ഇലവുങ്കൽ കട്ടപ്പന