സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്


സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരാൻ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്.എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്നു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
ബംഗാൾ ഉൾകടലിലെ തീവ്ര ന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ റെമാൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ അർധരാത്രിയോടെ ബംഗ്ലാദേശ് -പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.