ഉപകരണങ്ങൾ നവീകരിക്കുന്നതിൽ
ജല അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന്
മനുഷ്യാവകാശ കമ്മീഷൻ
കാലാകാലങ്ങളിൽ ജലവിതരണ ഉപകരണങ്ങൾ നവീകരിക്കുന്നതിന് ജല അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ.
ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം എൽ ഡി പദ്ധതി പൂർത്തിയാകുന്നതു വരെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജല അതോറിറ്റി എം.ഡി ക്ക് നിർദ്ദേശം നൽകി.
ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ പെരിയാർ നദീതീരത്ത്പമ്പുസെറ്റുകൾ കേടായതു കാരണം കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഉത്തരവ്.
പമ്പ് ഹൌസും ജല സംഭരണിയും പഞ്ചായത്തിന്റെ ഉടമസ്ഥതയിലല്ലാത്തതിനാൽ അറ്റകുറ്റപണികൾ നടത്താൻ പഞ്ചായത്തിനാവില്ലെന്ന് ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നിലവിൽ 35 എച്ച്പി യുടെ രണ്ടു മോട്ടോറുകളും അറ്റകുറ്റപണിക്ക് കൊണ്ടുപോയിട്ടുള്ളതായി റിപ്പോർട്ടിലുണ്ട്. 25 എച്ച് പി പമ്പ് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും ഇടയ്ക്ക് മുടങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്ന് ജല അതോറിറ്റി എം.ഡി യിൽ നിന്നും റിപ്പോർട്ട് വാങ്ങി. ജല ജീവൻ മിഷൻ പ്രകാരം നെടുങ്കണ്ടം, പാമ്പാടുംപാറ, ഉപ്പുതറ, ഏലപ്പാറ, അറക്കുളം എന്നീ പഞ്ചായത്തുകൾക്ക് ഗാർഹിക കണക്ഷൻ നൽകുന്ന പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെന്റർ നടപടികൾ നടന്നുവരുന്നതായി റിപ്പോർട്ടിലുണ്ട്. ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം.എൽ.ഡി ശുദ്ധീകരണശാലയിൽ നിന്നും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിയാണ് ഇത്. പരാതിയിലുള്ള പ്രദേശങ്ങളിലെ പഴയ പൈപ്പുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പെരിയാറിൽ നിർമ്മിച്ച ജലസംഭരണിയും പ്രധാന പമ്പ് ഹൌസും എപ്പോൾ വേണമെങ്കിലും നിലം പൊത്തുമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി കമ്മീഷനെ അറിയിച്ചു. പീരുമേട് സബ് ഡിവിഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം ഇല്ലാതാക്കാനുള്ള യാതൊരു പരിഹാര മാർഗ്ഗവും ജല അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നില്ലെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. 35 എച്ച്.പി പദ്ധതി എന്ന് പൂർത്തിയാകുമെന്ന സൂചന പോലും റിപ്പോർട്ടിലില്ലെന്നും ഉത്തരവിൽ പറയുന്നു. കുടിവെള്ളം അടിസ്ഥാന മനുഷ്യാവകാശമാണെന്നും വി. കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.