സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.