ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദർശിക്കാൻ വിനോസഞ്ചാരികളുടെ തിരക്കേറി.


ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദർശിക്കാൻ വിനോസഞ്ചാരികളുടെ തിരക്കേറി. വിഷുവിനോടനുബന്ധിച്ച് 12 മുതല്‍ 14 വരെ 1887 പേരാണ് അണക്കെട്ട് സന്ദർശിച്ച് മടങ്ങിയത്.
1609 മുതിർന്നവരും 278 കുട്ടികളും ഇതില്‍പ്പെടുന്നു. ചെറുതോണി അണക്കെട്ടിനു മുകളില്‍ താത്കാലിക അറ്റകുറ്റപ്പണികള്‍ നടന്ന് വരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ദിവസം 850 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. മുതിർന്നവർക്ക് 150 രൂപയും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നൂറ് രൂപയുമാണ് പ്രവേശന ഫീസ്.
ഡാമുകള്‍ക്ക് മുകളിലൂടെ കാല്‍ നടയാത്ര അനുവദിക്കില്ല. ഒരു സമയം 12 പേർക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗിക്കാർ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹൈഡല്‍ ടൂറിസം കൗണ്ടറിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോർഡിലുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് വേണം സന്ദർശകർ ടിക്കറ്റുകള്‍ ഉറപ്പ് വരുത്താൻ. ഓണ്‍ലൈൻ ബുക്കിംഗ് സമ്ബ്രദായം മാത്രമാണ് നിലവിലുള്ളത്.
ഡാം സന്ദർശിക്കാൻ അതിരാവിലെ മുതല്‍ സന്ദർശകരുടെ തിരക്കാണ്. പ്രവേശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാല്‍ ഡാം കാണാനാകാതെ നിരാശരായി മടങ്ങുന്നവർ നിരവധിയാണ്. സുരക്ഷാകാരണങ്ങളാല്‍ ആറ് മാസമായി ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല. അണക്കെട്ടില്‍ സന്ദർശനം അനുവദിച്ചതോടെ ജില്ലാ ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്ത് ഉണർവ് ഉണ്ടായിട്ടുണ്ട്.