തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് വിവാദം; മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും
തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ എതിർപ്പുമായി ആന ഉടമകളും ദേവസ്വങ്ങളും. നിലിവലെ മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു. പൂരം നടത്താനാകാത്ത സ്ഥിതിയെന്ന് തിരുവമ്പാടി ദേവസ്വം പറഞ്ഞു. പൂരത്തെ തകർക്കുന്നത് സിസിഎഫ് റിപ്പോർട്ടാണെന്ന് തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തി.
പൂരം നടത്തണോയെന്ന് ചർച്ച ചെയ്യാൻ ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വങ്ങൾ യോഗം ചേരും. നിലവിലെ മാനദണ്ഡപ്രകാരം പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. പൂരം ചടങ്ങ് മാത്രമാക്കണോയെന്ന് യോഗം ചർച്ച ചെയ്യുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ഞെട്ടിപ്പിക്കുന്ന ഉത്തരവുകളാണ് പൂരവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നതെന്ന് പറമേക്കാവ് ദേവസ്വം പ്രതിനിധി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ആനകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സമർപ്പിക്കനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ‘എഴുന്നള്ളിക്കാനുള്ള ആനകൽ 18നാണ് തൃശൂരെത്തുക. 90 ആനകളാണ് തൂശൂർ പൂരത്തിന് വേണ്ടത്. കോഴിക്കോട് മുതൽ കൊല്ലം വരെ നിൽക്കുന്ന ആനകളെ ആരാണ് പോയി പരിശോധിക്കുക. ഇത്രയും കാലം ഇല്ലാത്ത നിയമം തൃശൂർ പൂരം ആരംഭിക്കുന്നതിന് തലേദിവസം വിവരങ്ങൾ എത്തിക്കണം എന്നു പറയുന്നത് അപ്രയോഗികമാണ്’ രാജേഷ് പറയുന്നു.
വനംവകപ്പിലെ ചില ഉദ്യോഗസ്ഥന്മാരുടെ കുബുദ്ധിയിൽ തോന്നുന്ന പ്രശ്‌നങ്ങളാണ് ഈ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്ന് എലഫന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധി രാജേഷ് പറഞ്ഞു. എലഫന്റ് ഓണേഴ്‌സ് അസോസിയേഷൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒരിക്കലും പ്രായോഗികമായി നടപ്പിലാക്കാൻ കഴിയാത്ത തരത്തിലും ആന എഴുന്നള്ളിപ്പും ആചാരങ്ങളും നിർത്തലാക്കാൻ മാത്രം ഇറക്കുന്ന ചില ഉത്തരവുകളാണ് പ്രതിസന്ധിക്ക് കാരണമെന്ന് രാജേഷ് പറഞ്ഞു.
തൃശ്ശൂർ പൂരത്തിന് ഒരാഴ്‌ച മാത്രം ബാക്കിയിരിക്കെയാണ് ആനയെഴുന്നള്ളിപ്പുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, പടക്കം എന്നിവയില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലർ. ആനകളുടെ മൂന്നുമീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ. ആനകൾക്കു ചുറ്റും പോലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം. നിർദേശം ലംഘിച്ചാൽ ഈ വർഷത്തെ തുടർന്നുള്ള ഉത്സവങ്ങളിൽനിന്ന് ആനയെ വിലക്കുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും. നിർദേശം പാലിക്കാത്ത ഉത്സവങ്ങൾക്ക് തുടർവർഷങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി ലഭിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.