ഹിന്ദു നിയമത്തില്‍ ‘കന്യാദാനം’ അനിവാര്യമല്ലെന്ന് കോടതി


ലഖ്നൗ: ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹത്തിന് ‘കന്യാദാനം’ ചടങ്ങ് ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അത്തരമൊരു വിവാഹത്തിന്റെ അനിവാര്യമായ ചടങ്ങ് ‘സപ്തപദി’ മാത്രമാണെന്നും കോടതി വിധിച്ചു. അശുതോഷ് യാദവ് എന്നയാള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പിതാവ് തന്റെ പുത്രിയുടെ വലതുകൈ വെറ്റിലയോടു കൂടി വരനെ പിടിപ്പിക്കുന്നതാണ് കന്യാദാനം. പിതാവിന്റെ അഭാവത്തില്‍ പിത്യസ്ഥാനത്തു നിന്ന് സഹോദരനും കന്യാദാനം നടത്താം.
യാദവ്, നിയമപ്രകാരമുള്ള തന്റെ വിവാഹം ‘കന്യാദാനം’ ചടങ്ങ് നിര്‍ബന്ധമാക്കിയിരുന്നുവെന്ന് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹത്തില്‍ ഈ ചടങ്ങുണ്ടായിരുന്നില്ലെന്നും ഇയാള്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതിയുടെ വിധി. എന്നാല്‍, അനിവാര്യമായ ചടങ്ങ് ‘സപ്തപദി’ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
വിവാഹസമയത്തെ വധൂവരന്മാര്‍ ഒരുമിച്ച് വൈവാഹികാഗ്‌നിക്കു ചുറ്റും ഏഴടി നടക്കുക എന്നത് ‘സപ്തപദി’ എന്ന ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ വൈവാഹിക ചടങ്ങില്‍ ‘കന്യാദാനം’ ചടങ്ങ് അത്യന്താപേക്ഷിതമല്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ഹർജി പരിഗണിക്കവെ ഉത്തരവിട്ടു.