വില സർവകാല റെക്കോഡിൽ; കൊക്കോ കർഷകർക്ക് സുവർണകാലം.
കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ. ചരിത്രത്തിൽ ആദ്യമായി ഉണക്ക കൊക്കോയുടെ വില 800 രൂപയും കടന്നു. ഈസ്റ്ററിനു മുന്പ് 750 രൂപയിൽഎത്തിയിരുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിപണി അവധിയായിരുന്നതിനാൽ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ അവധിക്കഴിഞ്ഞ് വിപണികൾ സജീവമായതോടെ കൊക്കോ വില വീണ്ടും ഉയർന്നത്. ഹൈറേഞ്ചിലാണ് ഉയർന്ന വില ലഭിച്ചത്.
പച്ചയ്ക്ക് കിലോയ്ക്ക് 200-250 രൂപവരെയായി. സംസ്ഥാനത്ത് കൊക്കോ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഹൈറേഞ്ച് മേഖലയിൽ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക് ഗുണമേൻമയും കൂടുതലാണ്. അതിനാൽ ചോക്ലേറ്റ് നിർമാണകമ്പനികൾ ഇവിടെനിന്നും കൊക്കോ സംഭരിക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ട്.
അതേസമയം വിലവർധന കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യപ്പെടാത്ത സാഹചര്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉത്പാദനം ഏറ്റവും താഴ്ന്ന നിലയിലെത്തിയ വർഷമാണിത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വേനൽമഴയിലുണ്ടായ കുറവാണ് ഉത്പാദനം കുറയാൻ കാരണം. കടുത്ത ചൂടിൽ പൂവിരിയുന്നത് പൊഴിഞ്ഞുപോകുകയാണ്.