ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു

കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്.
മണ്ണിടിച്ചലിനെ തുടർന്ന് ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. വീരമലക്കുന്നില്‍ നിന്ന് വന്‍ തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രദേശത്ത് മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്ത് എത്താന്‍ നിർദേശം നൽകിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.









































































