തിരുവനന്തപുരത്തെ വെള്ളക്കെട്ട്; ‘നഗരത്തെ ഈ സ്ഥിതിയിലാക്കിയത് സിപിഎം ഭരണം, ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ട’: വി വി രാജേഷ്

തിരുവനന്തപുരം നഗരത്തിൽ ജനത്തെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണത്തെ കുറ്റപ്പെടുത്തി മേയര്‍ വി വി രാജേഷ്. നഗരത്തെ ഈ സ്ഥിതിയിലാക്കിയത് സിപിഎം ഭരണമാണെന്നും ഗുണ്ടായിസവുമായി വി ശിവൻകുട്ടി വരേണ്ടന്നും വി വി രാജേഷ് പറഞ്ഞു. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്യുമെന്ന് 20 ദിവസം മുമ്പ് കൗണ്‍സിൽ യോഗം നടക്കുമ്പോള്‍ അറിയില്ലായിരുന്നുവെന്നും മേയര്‍ പരിഹസിച്ചു.
നഗരത്തെ വലച്ച് കനത്ത മഴയും വെള്ളക്കെട്ടും
പ്രശ്നം ഗുരുതരമെന്ന് മനസ്സിലായ മേയര്‍ വി വി രാജേഷ് ഗോവയിലെ ഔദ്യോഗിക സന്ദര്‍ശനം വെട്ടി ചുരുക്കി പുലര്‍ച്ചെ തലസ്ഥാനത്തെത്തി. മറ്റ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം രാവിലെ തമ്പാനൂരില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങള്‍ മേയര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മേയര്‍, എല്ലാറ്റിനും കുറ്റപ്പെടുത്തുന്നത് മുൻ സിപിഎം ഭരണസമതിയെയാണ്. വെള്ളം ഒഴുകി പോകാത്തതിന് സാങ്കേതിക കാരണങ്ങള്‍ നിരത്തിയായിരുന്നു മേയറുടെ പ്രതികരണം. ഒറ്റ ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിലെത്തി. കനാലിലേക്ക് വെള്ളം പേകേണ്ട ഗ്രിൽ ചെറിയത്. ഇതൊക്കെ റോഡ് നിര്‍മിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്നും എന്നാണ് വി വി രാജേഷിന്റെ വിമര്‍ശനം. 45 വർഷം ഭരിച്ച് ഈ നഗരത്തെ ഇങ്ങനെ ആക്കിയവരാണ് യഥാർത്ഥ കുറ്റക്കാരെന്നും മേയര്‍ വിമര്‍ശിച്ചു.
ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ട. ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിന്റെ അടിവേരറ്റത്. ഗുണ്ടായിസത്തിലൂടെ എല്ലാം നടപ്പാക്കാനാണ് ശിവൻകുട്ടി ശ്രമിച്ചതെന്നും ഞങ്ങളുടെ മെക്കിട്ട് കയറാൻ വരണ്ടെന്നും വി വി രാജേഷ് പറഞ്ഞു. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തു. അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്രയും ശക്തമായ മഴ പെയ്യുമ്പോൾ വെള്ളമൊഴുകി പോകാൻ പാകത്തിനുള്ള ഓടകളല്ല നഗരത്തിൽ ചെയ്തിരിക്കുന്നതെന്ന മേയര്‍ വിമര്‍ശിച്ചു.

















































































































































