വിഷം ഉള്ളിൽ ചെന്ന് സഹകരണ ബാങ്ക് മുൻ സെക്രട്ടറി മരിച്ചു; ദുരൂഹതയെന്ന് ആരോപണം
കഞ്ഞിക്കുഴി ∙ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കഞ്ഞിക്കുഴി സഹകരണ ബാങ്ക് മുൻ സെക്രട്ടറി എഴുത്തുപള്ളിൽ മണി (58) അന്തരിച്ചു. വെള്ളി രാത്രി പതിനൊന്നോടെയാണ് മരണം സംഭവിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ഭാര്യ അനിത മുവാറ്റുപുഴ കുളങ്ങാട്ട് കുടുംബാംഗം. മക്കൾ: അമൽ, ആനന്ദ്. മരുമക്കൾ: വിദ്യ, ആതിര
ദുരൂഹതയെന്ന് ആരോപണം
മണിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. എൽഡിഎഫ് ഭരിക്കുന്ന കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി നടന്നതായി പരാതിയുണ്ടായതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ട അന്വേഷണത്തിൽ ഉൾപെട്ടയാളാണ് മരിച്ച മണി. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പേരിൽ ചട്ടം ലംഘിച്ചു വൻ തുക വായ്പ നൽകിയെന്നും അനധികൃത നിയമനങ്ങൾ നടത്തിയെന്നും കാണിച്ച് കഞ്ഞിക്കുഴി സ്വദേശി ടി.എസ്.രാജു നൽകിയ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ബാങ്കിലെ 2018, 2019ലെ ഓഡിറ്റ് റിപ്പോർട്ടിൽ 19 കോടി രൂപയുടെ അഴിമതി കണ്ടെത്തിയെന്നാണ് പരാതി.പ്രഥമദൃഷ്ട്യാ അഴിമതി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഓഡിറ്റ് റിപ്പോർട്ടിൽ അന്വേഷണത്തിനു ശുപാർശ ചെയ്തിരുന്നു. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ദീർഘകാല വായ്പകൾ നിയമവിരുദ്ധമായി അനുവദിക്കുകയും ഇല്ലാത്ത ആളുകളുടെയും ആദിവാസികളുടെയും പേരിൽ വായ്പയെടുക്കുകയും അത് എഴുതിത്തള്ളിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. വിരമിച്ച ബാങ്ക് സെക്രട്ടറിക്കും ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കും അഴിമതിയിൽ പങ്കുണ്ടന്നും ആരോപിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണു മണിയെ വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.