റോഡ് പണിതിട്ട് ഒന്നരമാസം;ഒറ്റമഴയിൽ ടാറിങ് പൊളിഞ്ഞു
വണ്ടിപ്പെരിയാർ : ഒന്നരമാസം മുമ്പ് പണി പൂർത്തിയാക്കിയ റോഡിലെ ടാറിങ് ഇളകി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പഞ്ചായത്തിലെ 22-ാം വാർഡ് തേങ്ങക്കൽ പുതുവലിൽ 16 ലക്ഷം രൂപയ്ക്ക് നിർമിച്ച റോഡാണ് വീണ്ടും നശിച്ചത്.
അൻപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. വർഷങ്ങളോളം തകർന്ന് കിടക്കുകയായിരുന്നു.
നാട്ടുകാർ നിരന്തരം പരാതികൾ ഉന്നയിച്ചതോടെയാണ് റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചത്. 2020-21 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി.
750 മീറ്ററോളം വരുന്ന റോഡ് മേയ് അവസാനമാണ് നാല് മീറ്റർ വീതിയിൽ ടാർ ചെയ്തത്. എന്നാൽ, കൃത്യമായി റോഡ് നിർമാണം ചെയ്യാത്തതിനാൽ ഒരുമഴ കഴിഞ്ഞപ്പോൾ തന്നെ ടാറിങ് ഇളകി മാറി.
കരാറുകാരന്റെയും നിർമാണ ജോലികൾക്ക് മേൽനോട്ടം നൽകിയ ഉദ്യോഗസ്ഥന്റെയും അനാസ്ഥമൂലം വീണ്ടും പഴയ സ്ഥിതിയിലേക്ക് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കരാറുകാരനും ഇതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനും എതിരേ നടപടി സ്വീകരിക്കണമെന്നും റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ സമരം നടത്താനാണ് തീരുമാനം.