നാട്ടുവാര്‍ത്തകള്‍
റേഷൻകടയിൽനിന്ന് അരി കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു
മൂന്നാർ : രാത്രിയിൽ റേഷൻകടയിൽനിന്ന് വാഹനത്തിൽ കടത്താൻ ശ്രമിച്ച പത്തുചാക്ക് റേഷനരി നാട്ടുകാർ പിടിച്ചെടുത്ത് പോലീസിന് കൈമാറി. വട്ടവട പഞ്ചായത്തിലെ കോവിലൂരുള്ള 91-ാം നമ്പർ റേഷൻകടയിൽനിന്ന് കടത്താൻ ശ്രമിച്ച അരിയാണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി 10-നാണ് സംഭവം. രാത്രിയിൽ ജീപ്പിൽ അരി കയറ്റുന്നതുകണ്ട നാട്ടുകാരാണ് വാഹനം തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദേവികുളം അഡീഷണൽ എസ്.ഐ. കെ.ഇ.അലിയാർ അരി കസ്റ്റഡിയിലെടുത്ത് പോലീസ് ഔട്പോസ്റ്റിലേക്ക് മാറ്റി. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറെ വിവരമറിയിച്ചു.
വെള്ളിയാഴ്ച സ്ഥലത്തെത്തിയ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം റേഷൻ കടയിലെ സ്റ്റോക്ക് പരിശോധന നടത്തി.
സ്റ്റോക്കിൽ കുറവ് കണ്ടെത്തിയാൽ കടയുടെ ലൈസൻസ് റദ്ദുചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടി എടുക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ശ്രീകുമാർ പറഞ്ഞു.