നവജാത ശിശുവിന്റെ കൊലപാതകത്തിൽ നിധീഷ് പറയുന്ന മൊഴികളിൽ വൈരുധ്യമെന്ന് സൂചന, മൊഴി പ്രകാരമുള്ള കാലിതൊഴുത്തിൽ മണ്ണ് മാന്തി പരിശോധന നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല
സാഗര ജങ്ഷനിലെ വീടിനോട് ചേർന്നുണ്ടായിരുന്ന കാലി
തൊഴുത്തിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്ന പ്രതി നിധീഷിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന സംശയത്തിൽ പോലീസ്.രണ്ട് മണിക്കൂറോളം നേരം ഇവിടെ പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.തുടർന്ന് ഈ ഭാഗത്ത് നിന്ന് ഫോറൻസിക് സംഘം മണ്ണ് ശേഖരിച്ച് ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.2016ലാണ് കൊല്ലപ്പെട്ട വിജയനും,നിധീഷും ചേർന്ന് വിജയന്റെ മകളുടെ നാല് ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.
അന്വേഷണത്തിന്റെ തുടക്കത്തിൽ കുഞ്ഞിനെ കുഴിച്ചു മൂടിയത് തൊഴുത്തിലാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്.എന്നാൽ സംഭവ സ്ഥലത്ത് എത്തിച്ചതിന് ശേഷം നിധീഷ് ഈ മൊഴി മാറ്റി പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം വിജയൻ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പുറത്തെടുത്ത് കവറിലാക്കി എവിടേയ്‌ക്കോ കൊണ്ട് പോയെന്ന് പറഞ്ഞ് മലക്കം മറിഞ്ഞുവെന്നാണ് വിവരം.എന്നാൽ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല.വീട്ടിലെ ഇന്നത്തെ പരിശോധനയിൽ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.