‘അവാർഡുകൾ റെഡിയാക്കി വെച്ചോ… ഒന്നും രണ്ടും പോരാതെ വരും’; ഞെട്ടിച്ച് ആടുജീവിതം ട്രെയ്‌ലർ
മലയാള സിനിമാപ്രേമികള്‍ 2024ൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ്. വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ബെന്യാമിന്റെ നോവലിന് ലഭിക്കാവുന്ന മികച്ച ദൃശ്യാവിഷ്ക്കാരം തന്നെയായിരിക്കും സിനിമ എന്നതിനൊപ്പം പൃഥ്വിരാജിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.
ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. പൃഥ്വിക്ക് ദേശീയ പുരസ്‌കാരം ലഭിക്കുമെന്നാണ് ട്രെയ്‌ലറിന് താഴെ പലരും കമന്റ് ചെയ്യുന്നത്.
പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. കാത്തിരിപ്പ് അവസാനിപ്പിച്ച് ചിത്രം മാർച്ച് 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. ചിത്രീകരണ സമയത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ആടുജീവിതത്തിന്റെ ഗ്ലിംപ്സ് എന്ന നിലയിൽ ഒരു വീഡിയോ പുറത്തെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. മലയാള സിനിമയിൽ ഇതുവരെ കണ്ട ദൃശ്യാവിഷ്കാരത്തിൽ നിന്ന് ഏറെ വ്യത്യസ്തയും ആകാംക്ഷയും നൽകുന്നതുമായിരുന്നു വീഡിയോ. അതുകൊണ്ട് തന്നെ ചിത്രം എത്തുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിക്കൊണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.