മറക്കരുത്; പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
മറക്കരുത്; പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
*അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തുള്ളി മരുന്ന് ലഭിച്ചു എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായ തുള്ളിമരുന്ന് വിതരണം ജില്ലയിലെമ്പാടും 3 ന് നടക്കും. ജില്ലാതല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളേജില്‍ രാവിലെ എട്ട് മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് പോളിയോ വാക്സിന്‍ നല്‍കുന്നതിന് 1021 വാക്സിനേഷന്‍ ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്സിന്‍ ലഭിക്കുന്നു എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന രോഗമാണ് പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം. രോഗിയുടെ മലത്തിലൂടെ പുറന്തള്ളുന്ന രോഗാണുക്കള്‍ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. തുടര്‍ന്ന് രോഗാണുക്കള്‍ കുടലില്‍ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും പേശികളുടെ ബലക്കുറവിന് കാരണമാകുകയും കൈകാലുകളില്‍ അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യുന്നു. പോളിയോ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാല്‍ ഫലപ്രദമായ വാക്സിന്‍ നിലവിലുണ്ട്. കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് വീണ്ടും നല്‍കുന്നത്.
ജില്ലയില്‍ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കും. ഇന്ന് ലഭിക്കാത്തവര്‍ക്ക് 4, 5 തീയതികളില്‍ ഭവനസന്ദര്‍ശനത്തിലൂടെ വാക്സിന്‍ നല്‍കും. 69092 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വാക്സിനേഷന്റെ സുഗമമായ നടത്തിപ്പിനായി 21 ട്രാന്‍സിസ്റ്റ് ബൂത്തുകളും 27 മൊബൈല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി 120 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.