മോദി കേരളം കൈയ്യില്‍ ഒതുക്കും, ബിജെപി കുറഞ്ഞത് 5 സീറ്റുകള്‍ നേടും: പി സി ജോര്‍ജ്ജ്
കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി കേരളം കൈയ്യില്‍ ഒതുക്കുമെന്ന് പി സി ജോര്‍ജ്ജ്. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മുന്നേറ്റം ഉണ്ടാകുമെന്നും ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകള്‍ ബിജെപി പിടിച്ചെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
താന്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ബിജെപി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും മത്സരിക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനമെങ്കില്‍ മത്സരിക്കില്ലെന്നും പി സി ജോർജ് പറഞ്ഞു.
2023 ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പി സി ജോർജ് ബിജെപിയില്‍ അംഗമായത്. പി സി ജോര്‍ജിന്‍റെ ജനപക്ഷം ബിജെപിയില്‍ ലയിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ നടക്കുന്ന ചടങ്ങിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിലും പങ്കെടുക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 ന് ആരംഭിക്കുന്ന കേരള പദയാത്ര സമാപന ചടങ്ങില്‍ ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക.