ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; ലാലിഗയില്‍ ബാഴ്‌സക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആസ്റ്റണ്‍വില്ലയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലക്ക് വിജയം. മോര്‍ഗന്‍ റോജസ് നേടിയ രണ്ടുഗോളുകളാണ് ആസ്റ്റണ്‍ വില്ലക്ക് വിജയമൊരുക്കിയത്. 45, 57 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ബ്രസീല്‍ താരം മാത്തേവുസ് കുന്‍ഹയാണ് യുനൈറ്റഡിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ആസ്റ്റണ്‍ വില്ല പോയിന്റ് പട്ടികയില്‍ 36 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി. ആറാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകട്ടെ 26 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലാലിഗയില്‍ വിയ്യാറയ്യലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണ. 12-ാം മിനിറ്റില്‍ ബാഴ്‌സക്ക് അനുകൂലമായി വിധിച്ച പെനാല്‍കിക്കില്‍ ബ്രസീല്‍ താരം റഫീഞ്ഞയും 63-ാം മിനിറ്റില്‍ സ്‌പെയിന്‍ താരം ലമീന്‍ യമാലുമാണ് ഗോളുകള്‍ നേടിയത്. 18 മത്സരങ്ങളില്‍ നിന്നായി 46 പോയിന്റുമായി ബാഴ്‌സ ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.













































































