കൽക്കൂന്തലിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഏതു സമയവും പൊളിഞ്ഞുവീഴും
കോൺക്രീറ്റ് പാളികൾ ഇളകി യാത്രക്കാർക്ക്
അപകടഭീഷണിയായി ബസ് കാത്തിരിപ്പുകേന്ദ്രം. കുമളി – മൂന്നാർ സംസ്‌ഥാനപാതയിൽ നെടുങ്കണ്ടത്തിനു സമീപം കൽക്കുന്തലിലാണു തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം ഉള്ളത്. നെടുങ്കണ്ടം പഞ്ചായത്ത് നിർമിച്ച 36 വർഷം പഴക്കമുള്ള കേന്ദ്രം ഏതു സമയവും പൊളിഞ്ഞു വീഴാറായ നിലയിലാണ്. ഇതിനൊപ്പം പണിത മറ്റു കാത്തിരിപ്പു കേന്ദ്രങ്ങളെല്ലാം തുടർന്ന് പൊളിച്ചു മാറ്റി. എന്നാൽ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന കൽകൂന്തലിലെ ഷെഡ് ഇപ്പോഴും അപകടഭീഷണി ഉയർത്തി നിലനിൽക്കുകയാണ്.
12 വർഷം മുൻപാണ് ഇവിടെ അവസാനമായി അറ്റകുറ്റ പണികൾ നടത്തിയത്. ഇപ്പോൾ മുകൾ ഭാഗം ദ്രവിച്ച് പ്ലാസ്റ്ററിങ് അടർന്നുപോയതോടെ കോൺക്രീറ്റിങ്ങിലെ കമ്പികൾ പുറത്തുകാണുന്ന നിലയാണ്. രണ്ട് മുറികളായാണ് വെയ്റ്റിങ് ഷെഡ് നിർമിച്ചിട്ടുള്ളത്. ഇവ രണ്ടും അപകടാവസ്‌ഥയിലാണ്. മാലിന്യങ്ങൾ നിറഞ്ഞ വെയ്റ്റിങ് ഷെഡ് നിലവിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. അപകടഭീഷണിയിലായ കേന്ദ്രം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗ യോഗ്യമാക്കാനോ പുതുക്കി പണിയാനോ അധികൃതർ തയാറാകുന്നില്ല എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നു