ക്ഷീര സംഗമങ്ങൾ നടത്തി കോടിക്കണക്കിന് പണം ധൂർത്തടിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകന് ഒരു ലക്ഷം രൂപയുടെ അവാർഡ് നൽകുന്നതിന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ചിലവ് രണ്ട് കോടി രൂപയാണ്. കഴിഞ്ഞവർഷം തൃശ്ശൂരിൽ നടത്തിയ പരിപാടിക്ക് സർക്കാർ പദ്ധതി വിഹിതമായി നൽകിയ 40 ലക്ഷം രൂപയുടെ ബാക്കി ഒരുകോടി 60 ലക്ഷം രൂപ സംഘങ്ങൾ, കർഷകർ, കാലിത്തീറ്റ കമ്പനികൾ എന്നിവരിൽ നിന്നും പിരിച്ചെടുത്തതാണ്. ആത്യന്തികമായി ഈ പിരിവിന്റെ എല്ലാം ഭാരം കർഷകനിൽ ചെന്നാണ് അവസാനിക്കുന്നത്. കർഷകരിൽ നിന്നും പിരിവെടുക്കുന്നത് പാൽ ഏറ്റവും കൂടുതലുള്ള ജൂലൈ മാസത്തെ പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലും ആനുകൂല്യങ്ങൾ നൽകുന്നത് പാൽ കുറഞ്ഞ ഏപ്രിൽ മാസത്തെ അളവിന്റെ അടിസ്ഥാനത്തിലുമുള്ളതാണെന്നതാണ് വിരോധാഭാസം. ബ്ലോക്ക് തലം മുതൽ സംസ്ഥാന തലം വരെ ഓരോ വർഷവും 5 കോടി രൂപ മുടക്കി ഈ മാമാങ്കം നടത്തുന്നതിന്റെ പേരിൽ ഉൽപാദനരംഗത്ത് ഉണ്ടായിരിക്കുന്ന ഉൽപാദന വർദ്ധനവിന്റെ കണക്ക് പ്രസിദ്ധീകരിക്കുവാൻ ക്ഷീരവകുപ്പ് തയ്യാറാകണം. ഇത്തരം പരിപാടികളിൽ ക്ഷീരം, മൃഗസംരക്ഷണം, മിൽമ എന്നീ വകുപ്പുകളിലെയും കെ എൽ ഡി ബോർഡിലെയും ഉദ്യോഗസ്ഥരെയും അവരുടെ സമ്മർദ്ദം മൂലം പങ്കെടുക്കുന്ന കുറെ കർഷകരെയും ആണ് കാണുവാൻ കഴിയുന്നത്. ക്ഷീരകർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിന് പാൽ വില ക്രമാതീതമായി വർദ്ധിപ്പിച്ചാൽ ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാൽ ഈ ആഘോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന തുക കർഷകന് പരോക്ഷ സഹായങ്ങൾ ആയി നൽകുവാൻ തയ്യാറാകണം. ഒരു പശുവിനെ ഇൻഷ്വർ ചെയ്യുന്നതിന് വേണ്ടിവരുന്ന തുകയുടെ 60% ഗവൺമെന്റ് കൃഷിക്കാരന് നൽകിയാൽ മുഴുവൻ പശുക്കളെയും ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരുവാൻ കഴിയും. നഗരസഭകളിൽ അയ്യങ്കാളി പദ്ധതിയിൽപ്പെടുത്തി ക്ഷീരകർഷകന് ആനുകൂല്യം നൽകുന്നതുപോലെ ഗ്രാമപഞ്ചായത്തുകളിലും ക്ഷീരകർഷകന് ആനുകൂല്യം നൽകുന്നതിന് സംസ്ഥാന ഗവൺമെന്റ് പദ്ധതി ആവിഷ്കരിക്കണം. ഒരു ക്ഷീരകർഷകന് ഒരു ലക്ഷം രൂപ അവാർഡ് നൽകുവാൻ അയാളെ തിരുവനന്തപുരത്ത് ക്ഷണിച്ചുവരുത്തി തുക നൽകിയാൽ മതി. ഇപ്പോൾ നടക്കുന്ന ധൂർത്തുകളുടെയും ആഘോഷങ്ങളുടെയും ആവശ്യമില്ല. ഇക്കാര്യങ്ങൾ പരിഗണിക്കുവാൻ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.