‘പുല്‍പ്പള്ളിയെ തുറന്ന കാഴ്ചബംഗ്ലാവായി പ്രഖ്യാപിച്ചൂടേ’; കടുത്ത പ്രതിഷേധത്തില്‍ വയനാട്
വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍. ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെച്ച് പിടികൂടുക, ഇന്നലെ കൊല്ലപ്പെട്ട വനംവകുപ്പ് താത്ക്കാലിക ജീവനക്കാരന്‍ പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗശല്യം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
ക്ഷീരമേഖലയായ പുല്‍പ്പള്ളിയില്‍ കടുവയുടെ അടക്കം ആക്രമണത്തില്‍ നിരവധി പശുക്കളാണ് സമീപവര്‍ഷങ്ങളില്‍ ചത്തത്. വന്യമൃഗങ്ങളുടെ ശല്യം കാരണം പശുവിന് പുല്ല് അരിയാന്‍ പോലും പോകാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. പുല്‍പ്പള്ളിയെ തുറന്ന കാഴ്ചബംഗ്ലാവായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധ സൂചകമായി നാട്ടുകാര്‍ പറഞ്ഞു.
വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ ജില്ലാ ഭരണ കൂടവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഫലപ്രദമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് പോളിന്റെ ബന്ധുക്കള്‍.