ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു


കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2023 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദം, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറം www.agriworkersfund.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ജനുവരി 31 വരെ തടിയംപാട് പ്രവര്‍ത്തിക്കുന്ന കര്‍ഷക തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സ്വീകരിക്കും. പരീക്ഷാ തീയതിയില്‍ 24 മാസത്തിലധികം അംശാദായ കുടിശ്ശികയുള്ളവര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. അംഗം സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , അംഗത്വ പാസ്സ് ബുക്കിന്റെ പകര്‍പ്പ് ,ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, അപേക്ഷകന്‍ അല്ലെങ്കില്‍ അപേക്ഷക കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-235732