

വഴിയിൽ കിടന്നു കിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ഇരട്ടയാർ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും എഴുകുംവയൽ പനക്കച്ചിറയിൽ വിജിയുടെ പുത്രനുമായ പ്രിൻസ് വിജിക്ക് , കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി സ്നേഹാദരവ് നൽകി. യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ പ്രിൻസ് വിജി പനയ്ക്കച്ചിറയ്ക്ക് മൊമന്റോയും ക്യാഷ് അവാർഡും നൽകി.
സോഷ്യൽ മീഡിയയ്ക്ക് അഡിക്റ്റായി സ്വാർത്ഥ ചിന്തകളിലൂടെ സ്വയം അവനവനിലേക്ക് ഒതുങ്ങുന്ന വിദ്യാർത്ഥികളുടെയും , കൗമാരക്കാരുടെയും ഇടയിൽ പ്രിൻസ് വിജി നല്ല മാതൃകയാവുകയാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള യുവജനത നമ്മുടെ സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തിൽ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വില മനസ്സിലാക്കുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കുവാൻ ഇത്തരം മാതൃകകൾ നമുക്ക് പ്രചോദനമാകുന്നുവെന്നും. തന്റെ സഹജീവികളോട് സ്നേഹവും പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുവാൻ ഈ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിനുവേണ്ടി നമുക്ക് ഒന്നിച്ചു മുന്നേറാം എന്നും അനുമോദന യോഗത്തിൽ അദ്ദേഹം പറഞ്ഞു .
യോഗത്തിൽ എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. സാബു മണിമലക്കുന്നേൽ ആശംസകൾ നേർന്നു . ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ശ്രീമതി ജയ്നമ്മ ബേബി, നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ജോണി പുതിയാപറമ്പിൽ , യൂത്ത് ഫ്രണ്ട് (എം) ഭാരവാഹികളായ സാജൻ കൊച്ചു പറമ്പിൽ, എബി പുത്തൂർ, റോബിൻസ് കളത്തുക്കുന്നേൽ , പ്രിൻസ് ഒറ്റത്തെങ്ങേൽ, തോമസ് തോമസ് വെച്ചൂർ ചെരുവിൽ തുടങ്ങിയവർ പങ്കെടുത്തു.