അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല
കട്ടപ്പന ∙ 2 മാസമായി അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തതിനാൽ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നത്തുകല്ല് നെയ്‌വേലിക്കുന്നേൽ ജോളി കുര്യന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു മോഷണ ശ്രമം. ജോളിയും കുടുംബവും ഭോപ്പാലിലാണ്.
വീട് വൃത്തിയാക്കാനും മറ്റുമായി നിയോഗിച്ചിട്ടുള്ള സ്ത്രീ ഇന്നലെ എത്തിയപ്പോഴാണ് മുൻ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. പിന്നീട് എസ്എച്ച്ഒ ബി.ജയന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വീടിന്റെ മുൻവാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീട്ടിലെ അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു.
എന്നാൽ അലമാരയിലെ മറ്റൊരു അറയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപെട്ടില്ല. ടിവി, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അവയും നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുറിക്കുള്ളിൽ നിന്ന് മണം പിടിച്ച പൊലീസ് നായ സമീപത്തെ ചില വീടുകളുടെ മുറ്റത്തും എത്തി. സമീപ മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.