പുല്‍തൈല വാറ്റ് തകര്‍ച്ചയിലേക്ക്; ആദിവാസികള്‍ ദുരിതത്തില്‍


മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ പരമ്ബരാഗത കൃഷിയില്‍ ഇപ്പോഴും തുടര്‍ന്ന് വരുന്ന ഒന്നാണ് പുല്‍തൈല നിര്‍മാണ മേഖല പ്രതിസന്ധിയില്‍. മേഖലയിലെ 70 ശതമാനം ആദിവാസികളുടെയും ഉപജീവനമാര്‍ഗമാണ് പുല്‍തൈലം വാറ്റ്. മറയൂര്‍, കാന്തല്ലൂര്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയില്‍ ധാരാളം വാറ്റ് പുല്‍കൃഷി ഉണ്ടെങ്കിലും കൃഷിയുടെ ഭൂരിഭാഗവും ആദിവാസി കൃഷിഭൂമിയിലാണ്.
കൂലിച്ചെലവ് വര്‍ധിച്ചതും നിര്‍മാണസാമഗ്രികളുടെ വില കൂടിയതും വിറകിന്‍റെ അഭാവവുമാണ് ഓരോ വര്‍ഷവും പുല്‍തൈലം വാറ്റ് പ്രതിസന്ധിയിലാക്കുന്നത്. മുന്‍ കാലങ്ങളില്‍ വനങ്ങളില്‍നിന്ന് ധാരാളം ഉണങ്ങിയ വിറകുകള്‍ ലഭ്യമായിരുന്നതിനാല്‍ നിര്‍മാണച്ചെലവ് വളരെ കുറവായിരുന്നു. ഇപ്പോള്‍ വിറക് ലഭിക്കാനുള്ള ബുദ്ധിമുട്ടും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതും പുല്‍ തൈല വാറ്റ് കുറയാന്‍ കാരണമായി. എന്നാലും, ഇപ്പോഴും അറുനൂറ് ഏക്കറിലധികം സ്ഥലത്ത് പുല്‍കൃഷിയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഈ മേഖലയിലെ പുല്‍തൈലത്തിന് 70 മുതല്‍ 85 വരെ സിട്രാള്‍ ലഭിക്കുന്നുണ്ട്. പുല്‍തൈലത്തിന്‍റെ ഗുണമേന്മ കണക്കാക്കുന്ന അളവുകോലാണ് സിട്രാള്‍. സീസണ്‍ സമയങ്ങളില്‍ 90ന് മുകളില്‍ സിട്രാള്‍ ലഭിക്കുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്വകാര്യവ്യക്തികളും കച്ചവടക്കാരും ഇടനിലക്കാരായിനിന്ന് തൈലം വാറ്റുന്ന ആദിവാസികള്‍ക്ക് അവരുടെ ആവശ്യാനുസരണം തുക മുന്‍കൂറായി നല്‍കും. വനം വകുപ്പിന്‍റെ ഇക്കോ ഷോപ്പുകള്‍ വഴി തൈലം ശേഖരിച്ച് വന്നിരുന്നത് നിര്‍ത്തിവച്ചതും വിലത്തകര്‍ച്ചക്ക് കാരണമായതയി ആദിവാസികള്‍ പറയുന്നു.
പുല്‍തൈലം വാറ്റുന്നതിനായി ഉപയോഗിക്കുന്ന ചെമ്ബ് (വാറ്റ് പാത്രം) ഉള്‍പ്പെടെയുള്ള വാറ്റ് സെറ്റിന് 50,000 രൂപയോളം വരും. ഒരു ചെമ്ബ് പുല്ല് വാറ്റി തൈലമാക്കണമെങ്കില്‍ നൂറു കിലോഗ്രാം വിറക് ആവശ്യമായി വരും. ഒരു ചെമ്ബ് പുല്ല് വാറ്റിയാല്‍ ശരാശരി ലഭിക്കുന്നത് 250 മുതല്‍ 400 ഗ്രാം തൈലമാണ്. ഇത്രയും തൈലത്തിന് ലഭിക്കുന്നത് 400 രൂപ വരെയാണ്. ഏകദേശം ഒരു ദിവസമെങ്കിലും വേണം ഇത്രയും തൈലം വാറ്റിയെടുക്കാന്‍. ഒരു കിലോ പുല്‍തൈലത്തിന് 1300 മുതല്‍ 1500 രൂപ വരെയാണ് കര്‍ഷകന് ലഭിക്കുന്നത്.
പുല്‍തൈലം പ്രധാനമായി ഉപയോഗിക്കുന്നത് സോപ്പ് നിര്‍മാണം, ഫിനോയില്‍, കോള്‍ഡ് റബ്, റൂം സ്പ്രേ, വൈറ്റമിന്‍ എ എന്നിവയ്ക്കാണ്. പുല്‍തൈലം ഉപയോഗിച്ചുള്ള അനുബന്ധ വയവസായങ്ങളൊന്നും പ്രദേശത്ത് ഇല്ലാത്തതും പുല്‍തൈലത്തിന്‍റെ വിലകുറവിന് കാരണമായതായി കര്‍ഷകര്‍ പറയുന്നു. വനം വകുപ്പും, ത്രിതല പഞ്ചായത്തും ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തി നിര്‍ദ്ദേശിക്കണമെന്നും വനം വകുപ്പിന്‍റെ ചില്ല പോലുള്ള ലേലവിപണി വഴി വിറ്റഴിച്ച് ന്യായ വില ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.