ഇടുക്കി അഞ്ചുരുളിയിൽ സ്വകാര്യ വ്യക്തി അവകാശവാദമുന്നയിച്ച സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി


ഇടുക്കി അഞ്ചുരുളിയിൽ സ്വകാര്യ വ്യക്തി അവകാശവാദമുന്നയിച്ച സർക്കാർ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി.ബുധനാഴ്ച്ച ഉച്ചയോടെ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നിർമ്മിതികൾ പൊളിച്ചുമാറ്റിയത്.അതെ സമയം കോടതി നിർദ്ദേശം ലംഘിച്ചാണ് ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ പൊളിച്ചത് എന്നാണ് അവകാശവാദം ഉന്നയിക്കുന്ന എ എം ചാക്കോ ആരോപിക്കുന്നത്.അഞ്ച് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയ്ക്ക് ശുദ്ധീകരണ പ്ലാൻ്റ് നിർമ്മിക്കാൻ അഞ്ചുരുളിയിൽ കെഎസ്ഇബി അനുവദിച്ചിരുന്ന ഭൂമിയിലാണ് നരിയംപാറ സ്വദേശിയായ എട്ടിയിൽ ചാക്കോ അവകാശവാദമുന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.എന്നാൽ കഴിഞ്ഞ നവംബർ 17ന് ഇയാളുടെ കൈവശത്തിലിരിക്കുന്ന 3.30 ഏക്കർ ഭൂമിയിൽ ഒരേക്കർ ഭൂമി റവന്യൂ സംഘം ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചിരുന്നു. ഈ സ്ഥലത്തുണ്ടായിരുന്ന കെട്ടിടങ്ങളാണ് വാട്ടർ അതോറിറ്റി ബുധനാഴ്ച്ച പൊളിച്ച് നീക്കിയത്. എന്നാൽ കട്ടപ്പന കോടതിയുടെ നിർദ്ദേശം ലംഘിച്ചാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ കെട്ടിടങ്ങൾ പൊളിച്ചത് എന്നാണ് എട്ടിയിൽ ചാക്കോ ആരോപിക്കുന്നത്.കേസിൽ വിധിയുണ്ടാകുന്നത് വരെ സ്ഥലത്ത് പ്രവേശനം വിലക്കിയിട്ടുണ്ടെന്നും,ഇത് ലംഘിച്ച് കെട്ടിടങ്ങൾ പൊളിച്ചത് കോടതിയലക്ഷ്യമാണെന്നും ചാക്കോ പറയുന്നു.ഓഗസ്റ്റിൽ ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയെങ്കിലും ഒരുവിഭാഗം ആളുകൾ തടഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ചാക്കോ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്,എന്നാൽ ഇത് കോടതി തള്ളി. പിന്നാലെ തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം തിരിച്ചുപിടിച്ച് വാട്ടർ അതോറിറ്റിയ്ക്ക് കൈമാറുകയായിരുന്നു.