മലങ്കരയില്‍ ജലനിരപ്പ് താഴുന്നു; ജലവിതരണം സ്തംഭനത്തിലേക്ക്

തൊടുപുഴ: മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നൂറോളം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും ജലവിതരണവും പൂര്‍ണമായും സ്തംഭനത്തിലേക്ക്. വേനല്‍ കടുത്തതോടെ സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞതും മൂലമറ്റം പവര്‍ ഹൗസില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞതുമാണ് അണക്കെട്ടില്‍ ജലനിരപ്പ് ഗണ്യമായി താഴാൻ പ്രധാന കാരണം. ഇതേത്തുടര്‍ന്നാണ് അണക്കെട്ടിനോടനുബന്ധിച്ചു സ്ഥാപിച്ചിരിക്കുന്ന ചെറുതും വലുതുമായ നൂറില്‍പരം കുടിവെള്ള പദ്ധതികളാണ് വറ്റിവരളുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത്.
പവര്‍ഹൗസില്‍നിന്നു പുറന്തള്ളുന്ന വെള്ളത്തിന്‍റെ അളവു കുറഞ്ഞതോടെ തൊടുപുഴയാറ്റിലും നീരൊഴുക്കു കുറഞ്ഞ് ജലനിരപ്പ് താഴ്ന്നു തുടങ്ങി.
ഒന്നര മാസത്തോളമായി അണക്കെട്ടിലെ ജലനിരപ്പ് 38.40 മീറ്ററായി താഴ്ത്തിയ നിലയിലാണ്. വേനല്‍ രൂക്ഷമാകുകയും മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പാദനം ഉയര്‍ത്തുകയും ചെയ്തില്ലെങ്കില്‍ മലങ്കര അണക്കെട്ടിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ പൂര്‍ണമായും സ്തംഭിച്ച് ജനങ്ങള്‍ കടുത്ത ദുരിതത്തിലേക്കു നീങ്ങുന്ന അവസ്ഥയാകും. മുട്ടം, കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികളില്‍ കൂടുതലും മലങ്കര അണക്കെട്ടിന്‍റെ തീരപ്രദേശത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നാണ് തൊടുപുഴയാറിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മലങ്കരയിലെ ഒരു ഷട്ടര്‍ മാത്രം ഒരു സെന്‍റീമീറ്റര്‍ ഉയര്‍ത്തി ബാക്കിയുള്ള അഞ്ചു ഷട്ടറുകള്‍ പൂര്‍ണമായും താഴ്ത്തിയിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന് തൊടുപുഴയാറിലെ നീരൊഴുക്കിനെ ആശ്രയിച്ചുള്ള കുടിവെള്ള വിതരണവും നിലയ്ക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. തൊടുപുഴ മേഖലയിലെ ജനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കും തൊടുപുഴയാറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. തീരത്തോടു ചേര്‍ന്ന് പലയിടത്തും നദി വറ്റിവരണ്ട നിലയിലാണ്.
അണക്കെട്ടിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് കുറയുന്ന ഘട്ടത്തിലാണ് കുടിവെള്ള പദ്ധതികളിലെ വെള്ളത്തിന്‍റെ അളവ് താഴുന്നത്. ഇത് വെള്ളം മലിനപ്പെടാൻ കാരണമാകും.
മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തി കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ മന്ത്രി റോഷി അഗസ്റ്റിൻ, കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കാൻ ഒരുങ്ങുകയാണ്.
ജില്ലാ ജയിലിലും
കുടിവെള്ള ക്ഷാമം
മുട്ടം ജില്ലാ ജയിലിലേക്കും കുടിവെള്ളം എത്തിക്കുന്നത് പ്രധാനമായും മലങ്കര അണക്കെട്ടില്‍ നിന്നാണ്. എന്നാല്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ജയിലിലേക്കുള്ള കുടിവെള്ള വിതരണവും നിലച്ചു. അണക്കെട്ടില്‍ തുടര്‍ച്ചയായി ജലനിരപ്പ് താഴുന്ന അവസ്ഥയായതിനാല്‍ അടുത്ത നാളില്‍ ജയിലില്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ കിണറ്റില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്. വേനല്‍ രൂക്ഷമായാല്‍ ഇതും വറ്റാനിടയുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. സ്ത്രീകളും പുരുഷൻമാരും ഉള്‍പ്പെടെ 240 ല്‍പരം തടവുകാരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്. കുടിവെള്ള വിതരണം നിലച്ചാല്‍ ജയിലിലെ ദൈനം ദിന പ്രവര്‍ത്തികളും തകിടം മറിയും.