Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് എസ്‌റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കണ്ടെത്തിയ പ്രതിയെ കോടതി വെറുതെ വിട്ടതോടെ യഥാര്‍ഥ പ്രതി ആരെന്ന ചോദ്യം ബാക്കിയാകുന്നു






കേസില്‍ വണ്ടിപ്പെരിയാര്‍ പോലീസ് പ്രതി ചേര്‍ത്ത് കുറ്റ പത്രം സമര്‍പ്പിച്ച ചുരക്കുളം എസ്‌റ്റേറ്റിലെ അര്‍ജുനെ വ്യാഴാഴ്ച്ചയാണ് കട്ടപ്പന അതിവേഗ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പോലീസ് ചുമത്തിയ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിയാതെ വന്നതോടെയാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവായത്.
അതേസമയം ആറ് വയസുകാരിയുടെ മരണം കൊലപാതകമാണെന്നും കോടതി കണ്ടെത്തി. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കേസില്‍ അപ്പീല്‍ പോകുമെന്ന് പോലീസും പ്രോസിക്യൂഷനും വ്യക്തമാക്കുന്നുണ്ടെങ്കിലും കേസിന്റെ ഭാവി ആശങ്കയിലാണെന്നാണ് നിയമ വിദഗ്ദര്‍ നല്‍കുന്ന സൂചനകള്‍.
അര്‍ജുന്‍ അല്ല കൊലപാതകിയെങ്കില്‍ യഥാര്‍ഥ കൊലപാതകി ആരെന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. മറ്റാരെയെങ്കിലും സംരക്ഷിക്കുന്നതിനാണോ പോലീസ് അര്‍ജുനെ പ്രതിയാക്കിയതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 2021 സെപ്റ്റംബര്‍ 30നാണ് എസ്‌റ്റേറ്റ് ലയത്തിലെ മുറിക്കുള്ളില്‍ ആറ് വയസുകാരിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ മുടി വെട്ടാന്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് ഈ നിലയില്‍ കുട്ടിയെ കാണുന്നത്. സഹോദരന്‍ ബഹളം വച്ച് ആളെ കൂട്ടുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും കുട്ടി മരിച്ചിരുന്നു. ആദ്യം അസ്വാഭാവിക മരണമെന്ന് കരുതിയെങ്കിലും തുടര്‍ന്ന് നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണെന്നും കണ്ടെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചതും അര്‍ജുനെ കസ്റ്റഡിയിലെടുക്കുന്നതും.
എന്നാല്‍ താന്‍ കൊലപാതകം നടത്തിയിട്ടില്ലെന്നും സംഭവ ദിവസം കുട്ടിയെ താന്‍ കണ്ടിരുന്നെന്നും ജയില്‍ മോചിതനായ അര്‍ജുന്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോടതിയുടെ കണ്ടെത്തലും അര്‍ജുന്റെ വെളിപ്പെടുത്തലും വിശ്വാസത്തിലെടുത്താല്‍ യഥാര്‍ഥ കൊലപാതകി സമൂഹത്തിലുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
അതേസമയം കേസ് പോലീസ് അട്ടിമറിച്ചതാണെന്നുമുള്ള വാദവും ഉയരുന്നുണ്ട്. പ്രതിയുടെ ഡി.വൈ.എഫ്.ഐ ബന്ധവും കേസ് നടത്താന്‍ ജില്ലയ്ക്ക് പുറത്ത് നിന്നും അഭിഭാഷകനെ എത്തിച്ചതും ഇതിന്റെ സൂചനകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസും, ബി.ജെ.പിയും അടക്കമുള്ള രാഷ്ര്ടീയ പാര്‍ട്ടികളും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്.
കേസില്‍ തുടര്‍ അന്വേഷണമുണ്ടായാലും തെളിവുകള്‍ ശേഖരിക്കുകയെന്നത് നിസാരമാകില്ലെന്ന സൂചനകളാണ് നിയമവിദഗ്ദര്‍ മുന്നോട്ട് വയ്ക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് ആശ്രയം. ഈ കേസില്‍ പോലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകള്‍ അടക്കം സാധൂകരിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. മേല്‍കോടതികളിലും സമാന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ വന്നാല്‍ കോളിളക്കം സൃഷ്ടിച്ച ചുരക്കുളം കേസ് അടഞ്ഞ അധ്യായമായി അവസാനിക്കാനും സാധ്യത ഏറെയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!