തോട്ടങ്ങളില്‍ സ്ഥിതി ഇപ്പോഴും മോശം
വണ്ടിപ്പെരിയാര്‍: ആറ് വയസുകാരി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും തോട്ടം മേഖലയിലെ തൊഴിലാളികളുടെ കുട്ടികളുടെ സ്ഥിതിയില്‍ വലിയ മാറ്റമൊന്നുമില്ല.മൂന്നാറിലെ തോട്ടങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കാനും പകല്‍ സമയം ചെലവഴിക്കാനും ആവശ്യത്തിന് ഡേ കെയര്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ പീരുമേട് മേഖലയിലെ തോട്ടങ്ങളുടെ സ്ഥിതി അതല്ല. ഉത്തരേന്ത്യക്കാരാണ് തോട്ടങ്ങളിലെ തൊഴിലാളികളിലേറെയും. ഇവരുടെ കുട്ടികള്‍ പലരും പഠനം മുടങ്ങിയവരാണ്. പകല്‍ സമയങ്ങളില്‍ മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. തോട്ടം തൊഴിലാളികളുടെ മക്കളെ ജോലിസമയത്ത് നോക്കാൻ പ്രായമേറിയ സ്ത്രീകളെ ചുമതലപ്പെടുത്തി ‘പിള്ള പുര’ എന്ന പേരില്‍ നടത്തി വന്നിരുന്ന സംവിധാനം നിറുത്തലാക്കിയതോടെയാണ് ലയങ്ങളിലെ കുട്ടികള്‍ തനിച്ചായത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ അങ്കണവാടികള്‍ പ്രവര്‍ത്തനം കൂടി നിലച്ചതോടെ ഇവര്‍ വീട്ടില്‍ തനിച്ചായി. ആറ് വയസുകാരി കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം തോട്ടംമേഖല സന്ദര്‍ശിക്കുകയും കുട്ടികളുടെയും ലയങ്ങളുടെയും സ്ഥിതി മെച്ചപ്പെടുത്താൻ ഇടപെടുമെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചൈല്‍ഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുണ്ട്. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുട്ടികളും അടങ്ങുന്ന ഒരു സാമൂഹ്യാധിഷ്ഠിത സംഘടനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷൻ കമ്മിറ്റി. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കാനും ഈ സമിതിക്ക് ചുമതലയുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ മൂന്ന് തലങ്ങളിലും ഈ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്. പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷൻ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാതലം. എല്ലാ തലത്തിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുട്ടികള്‍, കമ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യാധിഷ്ഠിത സംഘടനയായി സമിതി പ്രവര്‍ത്തിക്കേണ്ടതാണ്. കമ്മിറ്റി ഓരോ മൂന്ന് മാസവും യോഗം ചേരണം. തങ്ങളുടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നണ്ടോയെന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ ജില്ലാ ശിശു സംരക്ഷ സമിതിയെ അറിയിക്കണം. മാത്രമല്ല കുട്ടികളുടെ സുരക്ഷാപ്രശ്‌നപരിഹാരത്തിനായി വാര്‍ഷിക കര്‍മപദ്ധതി തയ്യാറാക്കി സംസ്ഥാനതലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിക്ക് അയച്ചുകൊടുക്കണം. കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ചും സംരക്ഷണാവകാശത്തെ സംബന്ധിച്ചും ബോധവത്കരണം നടത്തണം. ഇതിന്റെ മേല്‍നോട്ട ചുമതല ശിശുസംരക്ഷസമിതിക്കാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പല പഞ്ചായത്തുകളിലും ഈ കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കൃത്യമായി യോഗം ചേരുകയോ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. ഇതുകൂടാതെ മുമ്ബ് ജി.ആര്‍. ഗോകുല്‍ ജില്ലാ കളക്ടറായിരിക്കെ തോട്ടംമേഖലയിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു സമിതി രൂപീകരിച്ചിരുന്നു. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനും ജില്ലാ ശിശു സംരക്ഷണ ആഫീസറും ലേബര്‍ ആഫീസറുമെല്ലാം ഉള്‍ക്കൊള്ളുന്ന സമിതിയായിരുന്നു ഇത്. സമിതിയുടെ ഉദ്ദേശ്യം തന്നെ വീട്ടില്‍ ഒറ്റയ്ക്കാവുന്ന തോട്ടംതൊഴിലാളികളുടെ മക്കളുടെ സംരക്ഷണവും അവരുടെ വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയെന്നതായിരുന്നു. പ്രധാനമായും പീരുമേട് പോലുള്ള തോട്ടം മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജി.ആര്‍. ഗോകുല്‍ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ ഈ സമിതി നിര്‍ജീവമായി. വര്‍ഷങ്ങളായി ഈ സമിതി യോഗം ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല.