കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജനകീയ നിക്ഷേപ സമാഹരണവും സഹകാരി സംഗമവും ബുധനാഴ്ച നടക്കും
പകല്‍ മൂന്നിന് ഐടിഐ ജങ്ഷനിലെ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം ജെ വര്‍ഗീസ് അധ്യക്ഷനാകും. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം കെ വി ശശി നിക്ഷേപം സ്വീകരിക്കും. കലാകായിക മത്സരങ്ങളില്‍ വിജയിച്ചവരെ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് അനുമോദിക്കും. അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഇ എം ആഗസ്തി, കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി, മലനാട് പ്ലാന്റേഷന് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ എസ് മോഹനന്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് കെ ആര് സോദരന്, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ ലിജു ജോസ് തുടങ്ങിയവര്‍ സംസാരിക്കും.
2005 മുതല്‍ കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന സൊസൈറ്റിക്ക് അണക്കര, ലബ്ബക്കട, ഇരുപതേക്കര്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. കൂടാതെ സൊസൈറ്റിയുടെ നീതി പേപ്പര്‍ മാര്‍ട്ട്, നീതി സ്റ്റോര്‍, വളം ഡിപ്പോകള്‍ എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം ജെ വര്‍ഗീസ്, മുന്‍ പ്രസിഡന്റ് വി ആര് സജി, ബോര്‍ഡ് അംഗങ്ങളായ കെ എന്‍ ചന്ദ്രന്, ജോസ് എട്ടിയില്‍, സെക്രട്ടറി റെജി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.