ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാക്കി കൊണ്ടിരിക്കുന്ന സർക്കാർ നിലപാട് പുനഃ പരിശോധിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു
റവന്യൂ ഉദ്യോഗസ്ഥരും അമിക്യസ്ക്യൂറിയും ഗവൺമെന്റിന്റെ ഒത്താശയോടെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ സമർപ്പിച്ച് ജനദ്രോഹ ഉത്തരവുകൾ സമ്പാദിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാക്കി കൊണ്ടിരിക്കുന്ന സർക്കാർ നിലപാട് പുനഃ പരിശോധിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
വിചാരണ സദസിന്റെ സംഘാടക സമിതി യോഗം അടിമാലിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഘട്ടം ഘട്ടമായി ശ്വാസംമുട്ടിച്ച് കുടിയൊഴിപ്പിക്കുന്നതിനുള്ള ഗൂഢ തന്ത്രമാണ് ഗവൺമെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പതിമൂന്നു പഞ്ചായത്തുകൾ ഹൈറേഞ്ചിലെ മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമല്ല. ഇപ്പോൾ വയനാട്ടിലെ കാര്യം പറഞ്ഞാണ് 13 പഞ്ചായത്തുകളിലെ ജനങ്ങളുടെമേൽ ഉദ്യോഗസ്ഥർ കുതിരകയറുന്നതെങ്കിൽ ഭാവിയിൽ മറ്റു പഞ്ചായത്തുകളിലേക്ക് നിയന്ത്രണങ്ങൾ വ്യാപിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 22 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള സ്ഥലങ്ങളിൽ ഒരു മീറ്റർ പോലും കുഴിയെടുക്കാൻ പാടില്ല എന്ന സ്ഥിതി വന്നാൽ കെട്ടിട നിർമ്മാണം മാത്രമല്ല കൃഷിയും സാധ്യമല്ലാത്ത സ്ഥിതി ഉണ്ടാകും. ഉദ്യോഗസ്ഥന്മാർ ഞങ്ങൾക്കു തോന്നിയത് പോലെ സ്ഥലങ്ങളെ ഡോണുകളായി തിരിച്ച് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഹൈറേഞ്ചിലെ നിയമസഭാ അംഗങ്ങളും ഇടതുപക്ഷ നേതൃത്വം ഈ അനീതിക്ക് കൂട്ടുനിൽക്കുന്നത് വലിയ ക്രൂരതയാണ്. നിയന്ത്രണങ്ങൾ മൂലം ക്ലേശിക്കുന്ന മുഴുവൻ ജനങ്ങളെയും ഡിസംബർ 9ന് നടക്കുന്ന വിചാരണ സദസ്സിൽ പങ്കെടുപ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യുഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ: എം.ജെ ജേക്കബ് അറിയിച്ചു. നിയോജക മണ്ഡലം ചെയർമാൻ എം.ബി സൈനുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ പി ഉസ്മാൻ, പി. വി സ്കറിയ, ഒ. ആർ ശശി, കെ. എ കുര്യൻ പി. ഡി ജയൻ, ബാബു കീച്ചേരി, ബാബു കുര്യാക്കോസ്, ജോൺസി ഐസക് എന്നിവർ പ്രസംഗിച്ചു.