ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി.ചിന്നക്കനാൽ 301 കോളനി നിവാസികളായ നിരപ്പേൽ ഗോപി , പാറക്കൽ സജീവൻ എന്നിവരാണ് മരിച്ചത്
മൂന്നാർ: ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി.ചിന്നക്കനാൽ 301 കോളനി നിവാസികളായ നിരപ്പേൽ ഗോപി , പാറക്കൽ സജീവൻ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഡാമിൽ വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്. രാവിലെ വള്ളം മറിഞ്ഞ സ്ഥലത്തുനിന്നും 25 മീറ്റർ അകലെ ഗോപിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗോപിയോടൊപ്പം വള്ളം മറിഞ്ഞു കാണാതായ പാറക്കൽ സജീവന്റെ മൃതദേഹം വൈകുനേരം 5 മണിയോടെയാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. വള്ളം മറിഞ്ഞ സ്ഥലത്ത് നിന്നും 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. സജീവന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപതിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ജില്ല ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ചാണ് രാവിലെ 10 ന് നാവികസേനയുടെ 9 അംഗ ടീം തിരിച്ചിലിനായി ആനയിറങ്കലിലെത്തിയത്. നാവിക സേനാംഗങ്ങളെ കൂടാതെ അഗ്നിശമനയുടെ തൊടുപുഴ,ഫോർട്ട് കൊച്ചി യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘവും തിരച്ചിലിൽ പങ്കെടുത്തു.