ഏകദിനപ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്ന്‍ സംഘടിപ്പിച്ചു
തദ്ദേശസ്വയംഭരണവകുപ്പും രാഷ്ട്രീയഗ്രാമസ്വരാജ് അഭിയാനും സംയുക്തമായി നെടുങ്കണ്ടം ബ്ലോക്കുതല ഏകദിനപ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ വിദ്യാര്‍ഥി പ്രതിനിധി അമല സജി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ സി. യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രീയമാലിന്യസംസ്‌കരണം, പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യവസ്തുക്കള്‍ പ്രകൃതിക്കും സമൂഹത്തിനുമുള്ള ദോഷം എന്നീ വിഷയങ്ങളില്‍ ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ബാബു പൊന്നോത്ത് ബോധവല്‍ക്കരണക്ലാസ് നയിച്ചു. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്‌ക്കരണം മാതൃകാപരമായ രീതിയില്‍ നടത്തുന്നതിന്റെ ഭാഗമായി കുട്ടികള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് കവറുകള്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് കൈമാറി.
പരിപാടിയില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജി റ്റി, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ലാലു തോമസ്, പി.ടി.എ. പ്രസിഡന്റ് മധു കടപ്ലാക്കല്‍, രാഷ്ട്രീയഗ്രാമസ്വരാജ് അഭിയാന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ മാര്‍വില്‍ കെ ജോയ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ജിക്സണ്‍ ജോര്‍ജ്, രാഹുല്‍ ദേവദാസ്, സോജന്‍ മാത്യു, ശ്രീലക്ഷ്മി എസ്, വിദ്യാര്‍ഥി പ്രതിനിധികളായ ഡെല്ല മരിയ ജോഷി, അപര്‍ണ്ണ, വിവിധ രാഷ്ട്രീയ സാംസ്‌കാരികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.