കാട് വളര്‍ന്ന് റോഡിലേയ്ക്ക്: ദേശീയ പാതയിൽ അപകടങ്ങള്‍ അവസാനിക്കുന്നില്ല
പീരുമേട്: ദേശീയ പാതയുടെ ഇരുവശവും വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ വൻ അപകട ഭീഷണി ഉയര്‍ത്തുന്നു. കല്ലാര്‍ കവലമുതല്‍ വണ്ടിപ്പെരിയാര്‍ വരെയുള്ള കൊല്ലം-തേനി ദേശീയപാതയുടെ ഇരുവശങ്ങളിലും കാടുകള്‍ വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നതിനാല്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നു. ഈ പ്രദേശങ്ങളില്‍ നിരന്തരമായി വാഹന അപകടങ്ങള്‍ക്കിടയാകുന്നു. ചൊവ്വാഴ്ച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക് പറ്റിയതും കാട് വളര്‍ന്ന് റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്ന പ്രദേശത്താണ്. ഏതാനും ആഴ്ചക്ക് മുൻപ് പട്ടുമലക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടി ഇടിച്ചു. ഇരുവാഹനങ്ങള്‍ക്കും കേട് പാടുകള്‍ സംഭവിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് ഫാര്‍മസി വളവില്‍ സ്‌കോര്‍ഫിയോ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോള്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചു നിന്നതിനാല്‍ യാത്രക്കാക്ക് പരിക്കേല്‍ക്കാതെ വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്‌കോര്‍ഫിയോയ്ക്ക് കേട്പാടുകള്‍ ഉണ്ടായി. കാലവര്‍ഷം ആരംഭിക്കുന്നതിനു മുൻപായി മുണ്ടക്കയം മുതല്‍ പീരുമേട് വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുംകാടുകള്‍ വെട്ടിയപ്പോഴും കല്ലാര്‍ അൻപതാംമൈല്‍ മുതല്‍ വണ്ടിപ്പെരിയാര്‍വരെയുള്ള റോഡിന്റെ വശങ്ങളിലെ കാടുകള്‍ വെട്ടാൻ അധികൃതര്‍ തയ്യാറായില്ല. ഇത് ഈ പ്രദേശങ്ങളില്‍ നിരവധി വാഹന അപകടങ്ങള്‍ക്ക് ഇടയാക്കി. കാടുകള്‍ റോഡിലേക്ക് വളര്‍ന്നു വാഹന ഡ്രൈവര്‍മാര്‍ക്ക് വലിയ അപകടഭീക്ഷണിയാണ് ഉയര്‍ത്തുന്നത്.