ബാസിത്തിൻ്റെ വെടിക്കെട്ടിൽ മുഖം രക്ഷിച്ച് കേരളം; അസമിൻ്റെ വിജയലക്ഷ്യം 128 റൺസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ നിരാശപ്പെടുത്തി കേരളം. അസമിനെതിരെ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് മാത്രമേ നേടാനായുള്ളൂ. ഏഴാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച അബ്ദുൽ ബാസിത്ത് ആണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 31 പന്തിൽ 46 റൺസ് നേടിയ ബാസിത്ത് നോട്ടൗട്ടാണ്. അസമിനായി ബൗളർമാരെല്ലാം തിളങ്ങി.
തുടരെ ആറ് മത്സരങ്ങൾ വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ച കേരളം അസമിനെതിരെ ബാറ്റിംഗ് ഓർഡർ മാറ്റിമറിച്ച് തിരിച്ചടി നേരിടുകയായിരുന്നു. വരുൺ നായനാർ (2) വേഗം പുറത്തായതോടെ മൂന്നാം നമ്പറിൽ ഇറങ്ങിയിരുന്ന വിഷ്ണു വിനോദിനു പകരമെത്തിയത് സൽമാൻ നിസാർ. 14 പന്തിൽ 8 റൺസ് മാത്രം നേടി സൽമാൻ മടങ്ങിയത് കേരളത്തിനു കനത്ത തിരിച്ചടിയായി. കഴിഞ്ഞ സീസണിലെ ഫോമിൻ്റെ നിഴൽ മാത്രമായ രോഹൻ കുന്നുമ്മലിനും സ്കോർ ഉയർത്താനായില്ല. സൽമാൻ മടങ്ങിയതിനു പിന്നാലെ എത്തിയ, സീസണിൽ കേരളത്തിൻ്റെ ഏറ്റവും മികച്ച ബാറ്റർ വിഷ്ണു വിനോദ് 5 റൺസ് നേടിയും ക്യാപ്റ്റൻ സഞ്ജു സാംസൺ 8 റൺസ് നേടിയും പുറത്തായി. പിന്നാലെ സിജോമോൻ ജോസഫ് (0), രോഹൻ കുന്നുമ്മൽ (32 പന്തിൽ 31) എന്നിവരും മടങ്ങിയതോടെ കേരളം 12.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഏഴാം വിക്കറ്റിൽ അബ്ദുൽ ബാസിത്തും ഇംപാക്ട് പ്ലയറായി എത്തിയ സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തെ മാന്യമായ നിലയിലെത്തിച്ചത്. സാവധാനം തുടങ്ങിയ ബാസിത്ത് അവസാന ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. തൻ്റെ ഇന്നിംഗ്സിൽ ആകെ 2 ബൗണ്ടറിയും 4 സിക്സറും നേടിയ താരം സച്ചിൻ ബേബിയുമൊത്ത് അപരാജിതമായ 64 റൺസ് കൂട്ടുകെട്ടിലും പങ്കാളിയായി. ബാസിത്തിനൊപ്പം 17 പന്തിൽ 18 റൺസെടുത്ത സച്ചിൻ ബേബിയും നോട്ടൗട്ടാണ്.