എല്‍സിയുവില്‍ നിന്ന് വെബ് സീരിസ്; ഏജന്‍റ് ടീന വീണ്ടും വരുമെന്ന് ലോകേഷ് കനകരാജ്
ചെന്നൈ: വിജയ് ചിത്രം ‘ലിയോ’ റിലീസിനെ ഒരു ദിവസം കൂടി ബാക്കി നിൽക്കെ ലോകേഷിന്റെ എൽസിയു സംബന്ധിച്ച വാർത്തകൾ കൂടിയെത്തുകയാണ്. എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രത്തെ കുറിച്ചാണ് സംവിധായകൻ സൺ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എൽസിയുവിന്റെ ഭാഗമായ കമൽഹാസൻ ചിത്രം വിക്രമിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഏജന്റ് ടീന. അതുകൊണ്ടുതന്നെ എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രം ഏജന്‍റ് ടീനയാണ് എന്നാണ് ലോകേഷ് പറഞ്ഞത്.
‘ഏജന്‍റ് ടീനയുടെ റോള്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ചിത്രത്തില്‍ അവര്‍ കൊല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഇവരുടെ മുന്‍കാല കഥയായിരിക്കും വെബ് സീരിസില്‍ വരിക,’ വെബ് സീരിസ് താനാകും എഴുതുന്നതെന്നും സംവിധാനം മറ്റ് ആരെങ്കിലും ഏറ്റെടുക്കുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
സിനിമയിൽ കൊറിയോഗ്രാഫി അസിസ്റ്റന്‍റായിരുന്ന വാസന്തിയാണ് ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നർത്തകിയും നൃത്തസംവിധായികയും കൂടിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കവേയാണ് ലോകേഷ് കനകരാജ് തന്റെ അടുത്ത ചിത്രമായ ലിയോയിൽ വാസന്തിക്ക് നിർണായകവേഷം നൽകിയത്. വിക്രത്തിൽ കമൽ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രംഗങ്ങൾ തിയേറ്ററിൽ വൻ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.













































































