സുശക്തം എക്‌സൈസ് ; 96 കോട്പ കേസുകളിൽ 19200 രൂപ പിഴയീടാക്കി

ശബരിമല മണ്ഡലകാല മഹോത്സവ കാലത്ത് ലഹരി ഉപയോഗത്തിനെതിരെ സുശക്തമായ പ്രവർത്തനങ്ങളുമായി എക്‌സൈസ് വകുപ്പ്. സന്നിധാനം ,പമ്പ ,നിലയ്ക്കൽ എന്നിവിടങ്ങളിലായി മൂന്ന് താത്കാലിക റേഞ്ച് ഓഫീസുകൾ പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.വകുപ്പ് നടത്തിയ വിവിധ പരിശോധനളിലായി 96 കോട്പ കേസുകൾ രജിസ്റ്റർ ചെയ്യുകയും 19,200 രൂപ പിഴ ഈടാക്കുകയും 300 ഗ്രാം പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയും ചെയ്തു.
സന്നിധാനത്തും ,പമ്പയിലും തീർഥാടന പാതകളിലും എല്ലാത്തരം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റു നിരോധിത പുകയില ഉത്പന്നങ്ങളുടെയും വില്പനയും ഉപയോഗവും കർശനമായി നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ എക്‌സൈസ് വകുപ്പ് കർശന പരിശോധനയാണ് നടത്തി വരുന്നത്. എൻഫോർസ്മെന്റ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴുവൻ സമയം പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. പരാതികൾ സന്നിധാനം എക്‌സൈസ് പരാതി പരിഹാര നമ്പറിൽ അറിയിക്കാം. ഫോൺ: 04735 202203.













































































































































