ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ നിലച്ചിട്ട് വർഷങ്ങൾ; വീണ്ടും തുടങ്ങണമെന്ന് ആവശ്യം
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്കുകപ്പലും യാത്രാക്കപ്പലും നിലച്ചിട്ട് വർഷങ്ങൾ. തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കാതെ വന്നതോടെ തുറമുഖത്തിന്റെ പ്രവർത്തനം ശോഷിച്ച അവസ്ഥയിലാണ്. മാത്രമല്ല വടക്കൻ കേരളത്തിൽ നിന്ന് ദ്വീപിലേക്ക് പോകേണ്ടവർക്ക് ഏറെ ദൂരം താണ്ടി കൊച്ചി തുറമുഖത്തെ ആശ്രയിക്കേണ്ടി വരുന്നു. ആന്ത്രോത്ത് ദ്വീപിനോട് ഏറ്റവുമടുത്ത കേരളത്തിലെ തുറമുഖമാണ് ബേപ്പൂർ.
രണ്ടു വർഷം മുമ്പ് വരെ മിനിക്കോയ്, അമിക്കോയ് എന്നീ യാത്രാ കപ്പലുകളും 5 ഓളം സ്പീഡ് ബോട്ടുകളും ആഴ്ചയിൽ നിരവധി തവണ ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സർവ്വീസ് നടത്തിയിരുന്നു. ആന്ത്രോത്ത്, കൽപേനി, കവരത്തി, കിൽത്താൻ, തുടങ്ങി 9 ദ്വീപുകളിലേക്കാണ് പ്രധാനമായും ബേപ്പൂരിൽ നിന്ന് കപ്പലുണ്ടായിരുന്നത്. ബേപ്പൂരിൽ നിന്ന് യാത്ര നിലച്ചതിനാൽ ഓൺലൈൻ ടിക്കറ്റ് എടുത്ത് കൊച്ചിയിൽ എത്തി വേണം ദ്വീപിലേക്ക് പോകാൻ. രോഗികൾക്കടക്കം ഇതുണ്ടാക്കുന്ന പ്രയാസം ചെറുതല്ല.
600 ടൺ ചരക്കു കയറ്റാവുന്ന നിരവധി ബാർജുകളും ദ്വീപിൽ നിന്ന് സ്ഥിരമായി പോയിരുന്നു. ഇപ്പോൾ മാസത്തിൽ ഒരു ബാർജ് ആണ് സർവ്വീസ് നടത്തുന്നത്. ചരക്ക് നീക്കം നിലച്ചത് തുറമുഖത്തെയും പരിസരങ്ങളെയും സാമ്പത്തികമായും തകർത്തു. സംസ്ഥാന സർക്കാർ ഇടപെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ചരക്കു കപ്പലുകളും യാത്രാ കപ്പലുകളും തിരികെ എത്തിക്കണമെന്നാണ് ദ്വീപ് നിവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.