ഏലം കർഷകരുടെ ആശങ്കകൾക്ക് പരിഹരിക്കും ;ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏലം കൃഷിക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് സ്പൈസസ് ബോർഡ് ഉറപ്പുനൽകിയതായി ഡീൻ കുര്യാക്കോസ് എംപി. പുറ്റടിയിൽ തുടരുന്ന ഏലം ലേലം നിർത്തിവെക്കുമെന്ന പ്രചരണം ശരിയല്ല. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെയും ആരോഗ്യവകുപ്പിനും നിർദ്ദേശപ്രകാരം നിർത്തിവച്ചിരുന്ന ലേലം ഏറ്റവും ഉചിതമായ സമയത്ത് തന്നെ പുനരാരംഭിക്കും. കാലാവസ്ഥാ വ്യതിയാനവും രോഗകീടബാധയും പ്രകൃതിക്ഷോഭവും വിലത്തകർച്ചയും ഏലംകൃഷിക്ക് അനിവാര്യമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത വിലവർദ്ധനവും മൂലം ഏലം മേഖല പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലിനും സ്പൈസസ് ബോർഡിനും എം.പി കത്ത് നൽകിയിരുന്നു.
ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് എം.പി നൽകിയ നിർദ്ദേശങ്ങൾ തുടർനടപടികൾക്കായി സ്പൈസസ് ബോർഡ് കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്. 2020-21 സാമ്പത്തിക വർഷം മുതൽ ചെറുകിട ഏലം കർഷകരെ സഹായിക്കുന്നതിനായി നിരവധി നടപടികളാണ് ബോർഡ് ഇടുക്കി ജില്ലയിൽ നടത്തിവരുന്നത്. മേൽപ്പറഞ്ഞ പദ്ധതികൾ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി ദീർപ്പിക്കുന്നതിനുള്ള നിർദേശം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം മുണ്ടാകുന്ന നഷ്ട്ടത്തിൽ നിന്നും ഏലം കർഷകരെ സംരക്ഷിക്കുന്നതിന് ഒരു സമഗ്ര കാർഷിക ഇൻഷ്വറൻസ് പാക്കേജ് എന്ന ബോർഡ് നിർദ്ദേശം ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ പരിഗണനയിലാണ്. ഇൻഷ്വറൻസ് പ്രീമിയത്തിൻറെ 75 ശതമാനം കേന്ദ്ര സർക്കാരും 15 ശതമാനം സംസ്ഥാനസർക്കാരും 10 ശതമാനം കർഷകരും വഹിക്കണമെന്നാണ് ബോർഡ് നിർദ്ദേശം. കേന്ദ്ര സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച് കൂടുതൽ വിശദാശംങ്ങൾ പ്രഖ്യാപിക്കുമെന്ന് സ്പെസസ് ബോർഡ് ഡീൻ കുര്യാക്കോസ് എം പി ക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത പാർലമെൻറ് സമ്മേളനത്തിൽ ഏലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും കൃഷി, വാണിജ്യം, രാസവള, ധനകാര്യ വകുപ്പ് മന്ത്രിമാരുമായി ഈ കാര്യത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും എം.പി. അറിയിച്ചു. ആവർത്തനകൃഷി, ജലസേചനം, ഭൂവികസനം, സംസ്ക്കരണം മുതലായവയ്ക്കായി വകയിരിത്തിയിരിക്കുന്ന 6.5 കോടി രൂപ അപര്യാപ്തമാണെന്നും കൂടുതൽ തുക അനുവദിക്കുന്നതിന് കേന്ദ്രത്തിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നും എം.പി പറഞ്ഞു.