അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം : ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം മണിയാറന്‍കുടി വട്ടമേട് സാമൂഹ്യ പഠനമുറിയില്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ചെറുതും വലുതുമായ ദുരന്തങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനും ലഘുകരിക്കാനും നമുക്ക് സാധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. അപകട സമയത്തെ ആദ്യ പ്രതികരണം പ്രധാനമാണ്. ദുരന്തമുഖത്ത് നിന്ന് സ്വയം രക്ഷപ്പെടുന്നതിനൊപ്പം മറ്റുള്ളവരെ രക്ഷപ്പെടുത്താനും നമുക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. എല്ലാവര്‍ക്കും പുനരുജ്ജീവനം, വേര്‍തിരിവുകളില്ലാതെ എന്ന ആശയത്തോടെ സംസ്ഥാന വ്യാപകമായാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം സംഘടിപ്പിക്കുന്നത് . ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
പരിപാടിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങളായ ആന്‍സി തോമസ്, ഏലിയാമ്മ ജോയി, ഇടുക്കി തഹസില്‍ദാര്‍ ഡിക്‌സി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.









































































































































