ഇടമലക്കുടിക്ക് ഇനി 4ജി തിളക്കം
കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയില്‍ 4ജി കണക്ടിവിറ്റി ലഭ്യമാകുന്നു. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച് ബി എസ് എൻ എൽ ആണ് സേവനം നൽകുന്നത്. ഒരുക്കങ്ങൾ പൂർത്തിയാക്കിയ ഇടമലക്കുടി ഒപ്റ്റിക്കൽ ഫൈബർ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് 4ജി സൗകര്യം ഇടമലക്കുടിയിൽ എത്തിക്കുന്നത്. മൂന്നാറിൽ നിന്ന് രാജമല വരെ 7 കിലോമീറ്റർ, രാജമല മുതൽ പെട്ടിമുടി വരെ 18 കിലോമീറ്റർ, പെട്ടിമുടി മുതൽ ഇടമലക്കുടി വരെ 15 കിലോമീറ്റർ ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി 10 മാസങ്ങൾകൊണ്ടാണ് പ്രവൃത്തി പൂർത്തീകരിച്ചത്. 24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.
ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിർമ്മാണം ഇന്നലെ (11 .10 .2023 ) ആരംഭിച്ചു . പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക. പെട്ടിമുടി മുതല്‍ ഇടലിപ്പാറ വരെ 7.5 കിലോമീറ്റര്‍, തുടര്‍ന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിര്‍മാണം. കൂടാതെ അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയും, ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കും, ഐറിഷ് ഓടയുമടക്കം ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. 2024 ഒക്ടോബറിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഇടമലക്കുടി പി എച്ച് സി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. 3 സ്ഥിരം ഡോക്ടർമാർ , സ്റ്റാഫ് നേഴ്സ് , അറ്റൻഡർ , ഫർമസിസ്റ് തുടങ്ങി 10 തസ്തികകൾ സൃഷ്ടിച്ചു . ലാബ് തുടങ്ങാൻ ആവശ്യമായ സഞ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. 18 ലക്ഷം രൂപക്ക് അനെർട് വഴി സോളാർ പാനലുകൾ ആശുപത്രീയിൽ സ്ഥാപിക്കുന്നതിനും നടപടി ആയിട്ടുണ്ട്.
ഈ വിദ്യാഭ്യാസ വര്ഷം ഇടമലക്കുടി ട്രൈബൽ എൽ പി സ്‌കൂൾ യു പി ആയി ഉയർത്തി .ഇപ്പോൾ 52 കുട്ടികളാണ് സ്‌കൂളിൽ ഉള്ളത്. അധ്യാപകരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൊച്ചിൻ റിഫൈനറീസിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.
4 കുടികളിൽ കെ എസ് ഇ ബി വൈദ്യുതി ലഭ്യമാക്കുന്നുണ്ട്. 3 കുടികളിൽ വെദ്യുതി ലൈൻ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. മറ്റിടങ്ങളിൽ സോളാർ പാനൽ മാത്രമാണ് പ്രായോഗികമെന്നതിനാൽ അതിന് വേണ്ട നടപടികളും ആരംഭിച്ചിട്ടുണ്ട്. ആദ്യമായി ഇടമലക്കുടിയിലേക്ക് വൈദ്യുതി എത്തിച്ചത് 2017 ൽ ആണ് . പെട്ടിമുടിയിൽ നിന്ന് ഇഡലിപ്പാറക്കുടി വരെ 13.5 കിലോമീറ്റർ 4.77 കോടി രൂപ ചെലവിട്ട് U G കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.
ഇടമലക്കുടിയിലെ റേഷൻ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഗോഡൗൺ സ്ഥാപിക്കുന്നതിന് 35ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ മൂന്നാർ ഗോഡൗണിൽ നിന്നാണ് ഇടമലക്കുടിയിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്നത്. ഗോഡൗൺ വരുന്നതോടെ റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാകും.