‘ശക്തമാമായ ബന്ധം’; ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക

ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണെന്ന് അമേരിക്ക എംബസി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സഹപ്രവര്‍ത്തകരോട് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും എംബസി പ്രതികരിച്ചു. ഇന്ത്യയും യുഎസം തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നും എംബസി വ്യക്തമാക്കി.
അതേസമയം ഇന്ത്യ-കാനഡ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. ആഭ്യന്തര സമ്മർദങ്ങൾ അതിജീവിക്കുക എന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വെല്ലുവിളി. മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുകയും വേണം.
അതിനിടെ രാജ്യത്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചില കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇടപെടുന്നതായി കണ്ടെത്തിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കനേഡിയൻ നയതന്ത്ര സാന്നിധ്യം കാനഡയിലെ ഇന്ത്യയുടെ സാന്നിധ്യത്തേക്കാൾ വളരെ കൂടുതലായതിനാൽ അതിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളിലും പരസ്പര നയതന്ത്ര സാന്നിധ്യം എത്രത്തോളമെന്നതിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട് -വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.