ഉറങ്ങാനാകുന്നില്ല, ദിവസവും രാത്രിയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്; പൊറുതിമുട്ടി കല്ലാര്‍കുട്ടി സ്വദേശികള്‍
ഇടുക്കി: രാത്രിയില്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി കല്ലാര്‍കുട്ടി സ്വദേശികള്‍. ദിവസവും കല്ലേറ് തുടങ്ങിയതോടെ നാട്ടുകാര്‍ പരിഹാരമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് കഴിഞ്ഞു. അതേസമയം അന്വേഷിക്കുന്നുവന്നാണ് വെള്ളത്തൂവല്‍ പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ഒമ്ബത് മാസമായി കല്ലാര്‍ കുട്ടി നായ്കുന്ന് ഭാഗത്ത് ആളുകള്‍ക്ക് രാത്രിയായാല്‍ വീട്ടില്‍ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സന്ധ്യമയങ്ങുമ്ബോഴേക്കും കല്ലേറ് തുടങ്ങും.
പല വീടിന്റെയും ആസ്ബറ്റോസിട്ട മേല്‍ക്കൂരകള്‍ കല്ലേറില്‍ തകര്‍ന്നു. കടകള്‍ക്ക് നേരെയുമുണ്ട് അക്രമം. പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതോടെ അക്രമികള്‍ ഒന്നുകൂടി ഉഷാറായി. ഇപ്പോള്‍ കല്ലേറിനിരയാകുന്ന നാട്ടുകാരുടെയും കെട്ടിടങ്ങളുടെയും എണ്ണം പ്രതിദിനം കൂടുകയാണ്. ഉടന്‍ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം, കണ്ണൂരില്‍ കഴിഞ്ഞ മാസം ബ്ലാക്ക് മാൻ ശല്യം രൂക്ഷമായിരുന്നു.
വീടുകളിലെത്തി ചുവരില്‍ ബ്ലാക്ക് മാൻ എന്നെഴുതിയാണ് അജ്ഞാതൻ മടങ്ങിയിരുന്നത്. ദേഹമാസകലം മുണ്ടു കൊണ്ട് മറച്ചൊരാള്‍ ആണ് വീടുകളില്‍ എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കതകില്‍ മുട്ടി പേടിപ്പിക്കലും കൈയടയാളം പതിക്കലുമെല്ലാമായിരുന്നു നേരത്തെ ഇയാളുടെ പതിവ്. വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ചെറുപുഴയില്‍ ബ്ലാക്ക് മാൻ വിലസിയത്. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു പതിവ് ചുമരില്‍ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും.