കറുത്ത പൊന്ന് ജീവിതം ഇരുട്ടിലാക്കി ; ജില്ലയിൽ ജപ്തി ഭീഷണിയുടെ നിഴലിൽ 4028 കുടുംബങ്ങൾ
ജില്ലയിൽ ജപ്തി ഭീഷണിയുടെ നിഴലിൽ 4028 കുടുംബങ്ങൾ. ഏകദേശം 120 കോടി രൂപയുടെ കടമാണ് ജപ്തി നടപടികളിലേക്ക് നീങ്ങുന്നത്. ഇടുക്കി 1063, ഉടുമ്പൻചോല 810, പീരുമേട് 500, തൊടുപുഴ 1233, ദേവികുളം 422 എന്നിങ്ങനെയാണ് താലൂക്കുകളിലെ ജപ്തി നേരിടുന്നവരുടെ കണക്ക്. പ്രൈമറി ബാങ്കുകൾ, സഹകരണ ബാങ്കുകൾ, കെഎസ്എഫ്ഇ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു വായ്പ എടുത്തവരാണിവർ.
വിദ്യാഭ്യാസ വായ്പ, ഭവന നിർമാണ വായ്പ എന്നിവയാണ് അധികവും. ഇതിൽ ഒരു രൂപ പോലും കഴിഞ്ഞ വർഷം ജപ്തി നടപടികളിലൂടെ ഈടാക്കിയിട്ടില്ല. ഇതിനിടെ ഒരു കുടുംബത്തിനു പോലും കിടപ്പാടം നഷ്ടപ്പെടില്ലെന്ന സർക്കാരിന്റെ പുതിയ വാഗ്ദാനം ഇടുക്കിക്കാർക്ക് പ്രതീക്ഷയാകുകയാണ്. പ്രളയവും കോവിഡും മൂലമുള്ള മൊറട്ടോറിയം കാരണം ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ എപ്പോൾ വേണമെങ്കിലും നടപടി തുടങ്ങാം. അങ്ങനെ വന്നാൽ നാലായിരത്തിലധികം ആളുകൾക്കു കിടപ്പാടം നഷ്ടമാകും. എന്നാൽ അതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ നിയമം വരുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.
സാമ്പത്തിക വർഷാവസാനത്തിൽ കുടിശികയായ വായ്പകൾ തിരിച്ചു പിടിക്കാൻ ബാങ്കുകൾ ഊർജിത നീക്കം നടത്തിയതോടെ പ്രതിസന്ധിയിലായ കർഷകർ ജീവിതം മുന്നോട്ട് തള്ളുന്നത് എപ്പോൾ വേണമെങ്കിലും ജപ്തി നടപടികൾ ഉണ്ടാകുമെന്ന ഭീതിയിൽ. 7 ദിവസത്തിനകം വായ്പകൾ പുതുക്കണമെന്നും അല്ലെങ്കിൽ ജപ്തി നടപടികളിലേക്കു കടക്കുമെന്നും അറിയിച്ച് ഏതാനും മാസം മുൻപ് ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും കാർഷിക വികസന ബാങ്കുകളും അടക്കം വ്യാപകമായി കർഷകർക്ക് ഡിമാൻഡ് നോട്ടിസ് നൽകി തുടങ്ങിയിരുന്നു.
മൂന്നു പ്രളയങ്ങളും കോവിഡും കാരണം കടുത്ത പ്രതിസന്ധി നേരിടുമ്പോളാണ് ജപ്തി ഭീഷണി. കേരള ബാങ്കിന്റെ മുരിക്കാശേരി ബ്രാഞ്ചിൽ നിന്നു മാത്രം ഇത്തരത്തിൽ നോട്ടിസ് ലഭിച്ചത് 39 ക്ഷീര കർഷകർക്കാണ്. എന്നാൽ കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ തുടർ നടപടികളിലേക്ക് ബാങ്കുകൾ പിന്നീട് കടന്നിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവും രോഗ കീടബാധകളും ഉൽപാദനക്കുറവും വിലക്കുറവും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന തങ്ങൾക്കു മുന്നിലേക്ക് ഏതു നിമിഷവും ജപ്തി ഭീഷണിയുമായി ബാങ്കുകൾ എത്തുമെന്ന ആധിയിലാണ് കർഷകർ.
‘വായ്പ പുനഃക്രമീകരിച്ചു കിട്ടിയാൽ സാവകാശം കുടിശികയായ തുക അടയ്ക്കാമായിരുന്നു’ – മുരിക്കാശേരി മൂന്നാം ബ്ലോക്കിലെ ക്ഷീര കർഷകനായ പനിച്ചേപ്പടി ബിജു (45) പറയുന്നു. 2016ൽ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 8 ലക്ഷം വായ്പ എടുത്തതാണ് ബിജു. 2019ൽ ഭാര്യയുടെ പേരിൽ ഒരു ലക്ഷം രൂപ കൂടി എടുത്തു. ഇതിനിടയിൽ മൂത്ത മകൻ വീണു നട്ടെല്ലിനു പരുക്കേറ്റതോടെ അടവ് മുടങ്ങി.
8 പശുക്കളുള്ള ഫാമിലേക്കു വണ്ടിയിൽ വെള്ളം എത്തിക്കണം. കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 1250 രൂപ വരെ നൽകണം. വേനലിൽ പച്ചപ്പുല്ല് കിട്ടാനില്ല. കച്ചി കൂടി വില കൊടുത്തു വാങ്ങേണ്ടി വരുമ്പോൾ മിച്ചം വയ്ക്കാൻ ഒന്നുമില്ല. ഇതിനിടയിൽ കാലികളുടെ രോഗവും മറ്റുമാവുമ്പോൾ നഷ്ടം മാത്രമാണ് ബാക്കി. ബാങ്ക് വായ്പ കുടിശികയായി ജപ്തിയിലേക്ക് നീങ്ങുന്ന വഴി പറയുകയാണ് കൃഷി മാത്രം അറിയാവുന്ന ബിജു.
മൂന്നര പതിറ്റാണ്ടോളം പച്ചക്കറി കച്ചവടം നടത്തിയ വ്യാപാരി ജപ്തി നടപടി നേരിട്ടതിനെ തുടർന്ന് 17 വർഷമായി കഴിയുന്നത് വാടക വീട്ടിൽ. മാരിപ്പുറത്ത് അപ്പച്ചനും കുടുംബത്തിനുമാണ് ഈ ദുർഗതി. വായ്പയെടുത്ത് കുരുമുളക് സംസ്കരണ യൂണിറ്റ് ആരംഭിച്ചതാണ് ഇദ്ദേഹത്തിനു തിരിച്ചടിയായത്. കുരുമുളക് വാങ്ങി തൊണ്ടു കളഞ്ഞ് വിൽപന നടത്തുന്നതിനായി വീടും സ്ഥലവും പണയപ്പെടുത്തി 44 ലക്ഷം രൂപ വായ്പ എടുത്തതാണ് തകർച്ചയിലേക്ക് നയിച്ചത്.
കുരുമുളക് കിലോഗ്രാമിന് 130 രൂപ വില ഉണ്ടായിരുന്നപ്പോൾ ഇദ്ദേഹം ഉൽപന്നം വാങ്ങി സംഭരിച്ചു. എന്നാൽ കുരുമുളക് വില കുത്തനെ ഇടിഞ്ഞ് 50 രൂപയിലേക്ക് എത്തിയതോടെ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടത്.ഒന്നര വർഷത്തിനിടെ 11 ലക്ഷത്തിലധികം രൂപ തിരിച്ചടച്ചെങ്കിലും കുടിശിക വന്നതോടെ ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി എത്തി. ഭാര്യയുടെ പേരിലുള്ള 39 സെന്റ് സ്ഥലമാണ് പണയപ്പെടുത്തിയിരുന്നത്.
കൂടാതെ അപ്പച്ചന്റെ പേരിലുള്ള 15 സെന്റ് സ്ഥലവും 3000 ചതുരശ്രയടി വീടും മറ്റൊരു സുഹൃത്തിന്റെ വസ്തുവും ജാമ്യമായി നൽകി. ബാങ്ക് അധികൃതർ ഇവയെല്ലാം ജപ്തി ചെയ്തു. സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയ ഇദ്ദേഹവും കുടുംബവും വാടക വീട്ടിൽ കഴിഞ്ഞുകൊണ്ട് നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനും വൻതുക ചെലവഴിച്ചു. ജാമ്യവസ്തു തിരികെ നൽകാൻ കോടതി ഉത്തരവ് ഉണ്ടായെങ്കിലും അത് നടത്തിക്കിട്ടിയിട്ടില്ലെന്ന് അപ്പച്ചൻ പറയുന്നു.
ഇതിനിടെ കാൻസർ ബാധിതനായ ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. മാസത്തിൽ 2 തവണ കീമോതെറപ്പി ചെയ്യണം. ചികിത്സയ്ക്കും മറ്റുമുള്ള പണം കണ്ടെത്താൻ പോലും ബുദ്ധിമുട്ടായതിനാൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം.